You are currently viewing ഓലക്കും യൂബർ-നും പകരം “ഭാരത് ടാക്സി’ സർവീസ് ഇന്ത്യയിൽ ആരംഭിച്ചു

ഓലക്കും യൂബർ-നും പകരം “ഭാരത് ടാക്സി’ സർവീസ് ഇന്ത്യയിൽ ആരംഭിച്ചു

ന്യൂഡൽഹി: ഓല, യൂബർ പോലുള്ള സ്വകാര്യ റൈഡ്–ഹെയ്ലിംഗ് സേവനങ്ങൾക്ക് പകരമായി, സർക്കാർ പിന്തുണയോടെ ഡ്രൈവർമാർ തന്നെ ഉടമസ്ഥരാകുന്ന ‘ഭാരത് ടാക്സി’ ഇന്ത്യ പുറത്തിറക്കി. ദില്ലിയിലും ഗുജറാത്തിലും പൈലറ്റ് ഓപ്പറേഷനുകൾ ആരംഭിച്ച പുതിയ സംവിധാനത്തോടെ രാജ്യത്തെ നഗര ഗതാഗത രംഗത്ത് വലിയ മാറ്റമാണ് ലക്ഷ്യമിടുന്നത്.

“സഹകർ സേ സമൃദ്ധി”ദർശനത്തിന്റെ ഭാഗമായി വന്ന ഈ പദ്ധതി, സർജ്ജ് പ്രൈസിംഗ്, ഉയർന്ന കമ്മീഷൻ, യാത്ര റദ്ദാക്കലുകൾ, ഡ്രൈവർമാരുടെ വരുമാന സുരക്ഷയില്ലായ്മ എന്നിവയുമായി ബന്ധപ്പെട്ട ദീർഘകാല പരാതികൾ പരിഹരിക്കുകയാണ് ലക്ഷ്യം.

പദ്ധതിയുടെ മുഖ്യ ആകർഷണം സീറോ കമ്മീഷൻ മോഡലാണ്. “സാരഥികൾ” എന്നറിയപ്പെടുന്ന ഡ്രൈവർമാർ സഹകരണ സംഘത്തിലെ അംഗങ്ങളും ഓഹരിയുടമകളും ആകുന്നു. ചെറിയൊരു അംഗത്വ ഫീസ് ഒഴികെ, ഓരോ യാത്രയിൽനിന്നും ലഭിക്കുന്ന വരുമാനത്തിന്റെ 100%-വും ഡ്രൈവർക്ക് തന്നെ കൈവശം വയ്ക്കാം.

സുതാര്യവും സർക്കാർ നിശ്ചയിക്കുന്നതുമായ നിരക്കുകൾ, പീക്ക് സമയങ്ങളിൽ അല്ലെങ്കിൽ മോശം കാലാവസ്ഥയിൽ പോലും സർജ്ജ് ഇല്ലാത്ത നിരക്ക് സംവിധാനം എന്നിവയാണ് മറ്റൊരു പ്രത്യേകത. ഡ്രൈവർ ക്ഷേമത്തിനായി, സഹകരണ സംഘത്തിന്റെ ലാഭത്തിൽ നിന്നുള്ള ഒരു വിഹിതം സാരഥികൾക്ക് ലഭിക്കും.

24/7 കസ്റ്റമർ സപ്പോർട്ട്, വാഹനം ട്രാക്കിംഗ്, ബഹുഭാഷാ ഇന്റർ‌ഫേസ്, ഡിജിലോക്കർ, ഉമംഗ് തുടങ്ങിയ ഗവൺമെന്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുമായി സംയോജിതമായ സുരക്ഷിത തിരിച്ചറിയൽ സംവിധാനം എന്നിവ പ്ലാറ്റ്ഫോമിന്റെ ഭാഗമാണ്.

മറ്റ് ഗതാഗത സംവിധാനങ്ങളുമായുള്ള ഇന്റഗ്രേറ്റഡ് മൊബിലിറ്റിയും ഈ ആപ്പിന്റെ മറ്റൊരു പ്രത്യേകതയാണ്. മെട്രോ ഉൾപ്പെടെ വിവിധ യാത്രാമാർഗങ്ങൾ ഒരുമിച്ചുപയോഗിച്ച് ഉപയോക്താക്കൾക്ക് ഏകീകരിച്ച യാത്ര പദ്ധതികൾ തയ്യാറാക്കാൻ ഇത് സഹായിക്കും.

പ്രമുഖ സഹകരണ സ്ഥാപനങ്ങളായ അമുൽ, ഐ.എഫ്‌.എഫ്‌.സി.ഒ, നാബാർഡ് തുടങ്ങിയവയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സഹകർ ടാക്സി കോ–ഓപ്പറേറ്റീവ് ലിമിറ്റഡ് ആണ് ഈ സേവനം നടത്തുന്നത്.

ദില്ലിയിലും ഗുജറാത്തിലും ആരംഭിച്ച പൈലറ്റ് ഘട്ടത്തിൽ തന്നെ 51,000-ത്തിലധികം ഡ്രൈവർമാർ, കാർ, ഓട്ടോ, ബൈക്ക് വിഭാഗങ്ങളിൽ, രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഡിസംബർ 2025-ൽ രാജ്യവ്യാപക ലോഞ്ചും, 2026 ആദ്യം 20 നഗരങ്ങളിലേക്കുള്ള വിപുലീകരണവും ലക്ഷ്യമിടുന്നു. 2030 ഓടെ 1 ലക്ഷം ഡ്രൈവർമാരെ സേവനത്തിലേക്ക് ഉൾപ്പെടുത്തുക എന്നതാണ് ദീർഘകാല ലക്ഷ്യം.

Leave a Reply