
പാലക്കാട്: ഓവർടേക്ക് ചെയ്യുന്നതിനിടെ ബൈക്ക് പിക്കപ്പ് വാനിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കൊടുമ്പ് ഓലശ്ശേരി ഇഎസ് നഗർ വളപ്പിൽ മനോജ് (42), കുന്നത്തൂർമേട് ഐഎംഎ ജങ്ഷൻ കനാൽവരമ്പിൽ രമേശ് (45) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ട് 6.30ഓടെ കൊടുമ്പ് ഓലശ്ശേരിയിലായിരുന്നു അപകടം. സുഹൃത്തുക്കളായ ഇരുവരും ഓലശ്ശേരിയിലെ ബന്ധുവീട്ടിലെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ദുരന്തം. കാട്ടിരപ്പാടത്ത് വെച്ച് മുന്നിൽ പോയ പിക്കപ്പ് വാനിനെ മറികടക്കാൻ ശ്രമിക്കുമ്പോൾ ബൈക്കിന്റെ ഹാൻഡിൽ വാനിന്റെ പിന്നിൽ ഇടിക്കുകയും നിയന്ത്രണം തെറ്റി മറിയുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. രമേശായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. രമേശ് ഡ്രൈവറും മനോജ് ഓട്ടോ ഇലക്ട്രീഷ്യനുമാണ്. ടൗൺ സൗത്ത് പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.
മനോജിന്റെ പിതാവ് ഉണ്ണികൃഷ്ണൻ, മാതാവ് പരേതയായ ചന്ദ്രിക. ഭാര്യ പ്രിയ, മകൻ മെൽവിൻ.
രമേശിന്റെ പിതാവ് പരേതനായ രവീന്ദ്രൻ, മാതാവ് വള്ളിയമ്മ. ഭാര്യ വിജയമോൾ, മക്കൾ അജേഷ്, അക്ഷയ.