തിരുവനന്തപുരം:
സംസ്ഥാന ഫിഷറീസ് വകുപ്പ്, കേന്ദ്ര സര്‍ക്കാരിന്റെയും യൂറോപ്യന്‍ യൂണിയന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബ്ലൂ ടൈഡ്സ്: കേരള–യൂറോപ്യന്‍ യൂണിയന്‍ ദ്വിദിന കോണ്‍ക്ലേവിന് തുടക്കമായി. ചടങ്ങ് ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു.
‘രണ്ട് തീരങ്ങള്‍, ഒരേ കാഴ്ചപ്പാട്’ എന്ന പ്രമേയത്തില്‍ നടക്കുന്ന കോണ്‍ക്ലേവ്, സമുദ്രാധിഷ്ഠിത സാമ്പത്തിക വളര്‍ച്ചയിലൂടെയുള്ള സുസ്ഥിര വികസനവും തീരമേഖലയുടെ സമഗ്ര സമ്പദ്‌വ്യവസ്ഥയിലെ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതാണ് ലക്ഷ്യമിടുന്നത്.
കേരളവും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സഹകരണത്തിലൂടെ മത്സ്യബന്ധനം, കടല്‍വിഭവ സംരക്ഷണം, തീരസുരക്ഷ, നീല സമ്പദ്‌വ്യവസ്ഥ തുടങ്ങിയ മേഖലകളിലെ നവീന സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനും പദ്ധതികള്‍ രൂപപ്പെടുത്തുന്നതിനും കോണ്‍ക്ലേവ് വേദിയൊരുക്കും.
വിവിധ രാജ്യങ്ങളിലെ വിദഗ്ധരും നയനിര്‍മ്മാതാക്കളും പങ്കെടുത്തിരിക്കുന്ന കോണ്‍ക്ലേവ്, സംസ്ഥാനത്തിന്റെ തീരദേശ വികസനരംഗത്ത് നിര്‍ണായക ഇടപെടലുകള്‍ക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.