കൊട്ടിയൂരിൽ ക്ഷേത്രദർശനത്തിനെത്തി ബാവലി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു. ബാവലി പുഴയുടെ ഭാഗമായ ആറളം ഫാം ചപ്പാത്തിന് സമീപത്തായാണ് ചിത്താരി സ്വദേശി അഭിജിത്തിന്റെ (30) മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് കൊട്ടിയൂർ അമ്പലത്തിൽ നിന്ന് 10 കിലോമീറ്റർ അകലെ പുഴക്കടവിൽ തങ്ങി നിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. അഭിജിത്ത് ഇലക്ട്രീഷ്യനായിരുന്നു. മീത്തൽ വീട്ടിൽ ചന്ദ്രന്റെയും പരേതയായ ഭാരതിയുടെയും മകനാണ്. സഹോദരി അഭിതാ ചന്ദ്രൻ
തീർത്ഥാടനത്തിന് എത്തിയ രണ്ടുപേരെയായിരുന്നു ബാവലി പുഴയിൽ കാണാതായത്. ഇതിൽ കോഴിക്കോട് അത്തോളി സ്വദേശിയായ നിശാന്തിന്റെ മൃതദേഹം ചൊവ്വാഴ്ച കണിച്ചാർ ഓടംതോട് ചപ്പാത്ത് പുഴയിൽ നിന്ന് കണ്ടെത്തിയിരുന്നു. പേരാവൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് പുഴയിൽ നിന്നും മൃതദേഹം കരക്കെത്തിച്ചു. പേരാവൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ അമ്പലത്തിന് സമീപം കുളിക്കുന്നതിനിടെയാണ് ഇവർ ഒഴുക്കിൽപ്പെട്ടത്. കനത്ത മഴയും തിരച്ചിലിനെ ബാധിച്ചിരുന്നു. കൊട്ടിയൂർ ഉൽസവവുമായി ബന്ധപ്പെട്ട് ബാവലി പുഴ കരകവിഞ്ഞ് ഒഴുകുന്ന സമയത്താണ് ഈ ദുരന്തം സംഭവിച്ചത്.
കൊട്ടിയൂർ ക്ഷേത്രം വടക്കേ മലബാറിലെ പ്രസിദ്ധമായ മഹാദേവ ക്ഷേത്രമാണ്. ബാവലി പുഴയുടെ തീരത്തുള്ള ഈ നാടിനെ “ദക്ഷിണ കാശി” എന്ന പേരിലും വിശേഷിപ്പിക്കാറുണ്ട്. ഇക്കരെ കൊട്ടിയൂർ ക്ഷേത്രവും അക്കരെ കൊട്ടിയൂർ ക്ഷേത്രവുമുണ്ട്.
