You are currently viewing ബ്രഹ്മോസ് ഏറോസ്പേസ് ട്രിവാൻഡ്രം ലിമിറ്റഡിന് 180 ഏക്കർ ഭൂമി സൗജന്യമായി നൽകും; പുതിയ മിസൈൽ നിർമ്മാണ യൂണിറ്റിന് മന്ത്രിസഭാ അംഗീകാരം

ബ്രഹ്മോസ് ഏറോസ്പേസ് ട്രിവാൻഡ്രം ലിമിറ്റഡിന് 180 ഏക്കർ ഭൂമി സൗജന്യമായി നൽകും; പുതിയ മിസൈൽ നിർമ്മാണ യൂണിറ്റിന് മന്ത്രിസഭാ അംഗീകാരം

തിരുവനന്തപുരം: പ്രതിരോധ മേഖലയിൽ കേരളത്തിന് വലിയ മുന്നേറ്റമായി, ബ്രഹ്മോസ് എയ്‌റോസ്‌പേസ് തിരുവനന്തപുരം ലിമിറ്റഡ് (BATL)യ്ക്ക് പുതിയ മിസൈൽ നിർമ്മാണ യൂണിറ്റ് ആരംഭിക്കാനായി 180 ഏക്കർ ഭൂമി സൗജന്യമായി കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച നിർണായക തീരുമാനം കൈക്കൊണ്ടത്.
അഡ്വാൻസ്ഡ് മിസൈൽ & മറ്റ് സ്ട്രാറ്റജിക് യൂണിറ്റുകളുടെ നിർമ്മാണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി മാത്രമേ ഭൂമി ഉപയോഗിക്കാവൂ എന്ന കർശന നിബന്ധനയോടെയാണ് കൈമാറ്റം. പദ്ധതിക്കായി ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് ബ്രഹ്മോസ് വ്യവസായവകുപ്പിനെ സമീപിച്ചിരുന്നു. തുടർന്ന് റവന്യൂ മന്ത്രിയോടൊപ്പം യോഗം ചേർന്ന് രണ്ട് സ്ഥലങ്ങൾ പ്രാഥമികമായി കണ്ടെത്തി.

അടുത്ത ഘട്ടമായി റവന്യൂ, വ്യവസായ വകുപ്പ്, കൂടാതെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷൻ (DRDO) സംഘത്തിന്റെ സംയുക്ത പരിശോധനയിലൂടെ പദ്ധതിപ്രദേശം അന്തിമമായി കണ്ടെത്തി.
ഡി.ആർ ഡിയോയുടെ കീഴിൽ പ്രവർത്തിക്കുന്ന ബ്രഹ്മോസ് എയ്‌റോസ്‌പേസ് ഈ ഭൂമിയിൽ അത്യാധുനിക മിസൈലുകളും സ്ട്രാറ്റജിക് പ്രതിരോധ ഉപകരണങ്ങളും നിർമ്മിക്കുന്ന രണ്ടാം യൂണിറ്റ് സ്ഥാപിക്കും.

ഇന്ത്യയുടെ ദേശീയ സുരക്ഷയും പ്രതിരോധ ശേഷിയും ശക്തിപ്പെടുത്തുന്നതിൽ കേരളത്തിലെ പ്ലാന്റിന്റെ വിപുലീകരണം നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
പദ്ധതി നടപ്പിലാകുന്നതോടെ അടുത്ത 15 വർഷത്തിനുള്ളിൽ 2500 കോടി രൂപയ്ക്കു മുകളിൽ ജിഎസ്ടി വരുമാനം സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. 500-ലധികം ഹൈസ്കിൽ എഞ്ചിനീയറിങ്, ടെക്നിക്കൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും അനവധി പരോക്ഷ തൊഴിലവസരങ്ങൾക്കും പദ്ധതി വഴിയൊരുക്കുകയും ചെയ്യും.

Leave a Reply