You are currently viewing റോഡപകടത്തിൽ മസ്തിഷ്‌കമരണം: ഷിബു ഇനി അനേകർക്ക് ജീവൻ നൽകും

റോഡപകടത്തിൽ മസ്തിഷ്‌കമരണം: ഷിബു ഇനി അനേകർക്ക് ജീവൻ നൽകും

തിരുവനന്തപുരം: റോഡപകടത്തെ തുടർന്ന് മസ്തിഷ്‌കമരണം സംഭവിച്ച 46 വയസുകാരൻ ഷിബു അവയവദാനത്തിലൂടെ ഇനി മറ്റുള്ളവർക്ക് ജീവൻ നൽകുന്നു. അതീവ ദുഃഖത്തിനിടയിലും ഷിബുവിന്റെ ഹൃദയം, വൃക്കകൾ, കരൾ, കണ്ണുകൾ എന്നിവ അവയവദാനത്തിനായി നൽകാൻ കുടുംബം സമ്മതം നൽകിയതോടെ വലിയ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയാണ് രൂപപ്പെട്ടത്. ഇതോടൊപ്പം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന സ്‌കിൻ ബാങ്കിലേക്ക് ഷിബുവിന്റെ ചർമ്മവും നൽകും.

ഷിബുവിന്റെ ഹൃദയം എറണാകുളം ജനറൽ ആശുപത്രിയിലേക്കാണ് നൽകുന്നത്. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിനും മറ്റൊരു വൃക്ക കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിനുമാണ് കൈമാറുന്നത്. കണ്ണുകൾ തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താൽമോളജിക്കും കരൾ അമൃത ആശുപത്രിയിലേക്കുമാണ് നൽകുന്നത്.

രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല സർക്കാർ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടക്കുന്നത്.ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്റ്ററിലാണ് ഹൃദയവും ഒരു വൃക്കയും എറണാകുളത്തേക്ക് കൊണ്ടുപോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇതുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലെ ആശുപത്രികളിലേക്കുള്ള അവയവമാറ്റ ശസ്ത്രക്രിയകൾ നടക്കുന്ന വഴികളിൽ റോഡ് ക്ലിയറൻസ് ഉറപ്പാക്കുമെന്നും പോലീസ് അറിയിച്ചു.

അതീവ ദുഃഖത്തിനിടയിലും അവയവദാനത്തിന് സന്നദ്ധമായ ഷിബുവിന്റെ കുടുംബത്തോട് ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം നന്ദിയും അറിയിക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

Leave a Reply