
റിയോ ഡി ജനീറോ: ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മര്‍ സാന്റോസുമായുള്ള കരാര്‍ 2026 അവസാനം വരെ പുതുക്കിയതായി ക്ലബ് ചൊവ്വാഴ്ച അറിയിച്ചു. പരിക്കുകളെ തുടര്‍ന്ന് തുടര്‍ച്ചയായി വെല്ലുവിളികള്‍ നേരിട്ടിട്ടും, ലോകകപ്പ് ടീമിലേക്ക് തിരിച്ചുവരാനുള്ള പ്രതീക്ഷ കൈവിടാതെയാണ് നെയ്മറിന്റെ തീരുമാനം.

33 വയസ്സുകാരനായ നെയ്മര്‍ 2025 ജനുവരിയിലാണ് ബാല്യകാല ക്ലബ്ബായ സാന്റോസിലേക്ക് തിരിച്ചെത്തിയത്. ബ്രസീലിയന്‍ ടോപ്പ് ഡിവിഷനില്‍ ടീമിന്റെ നിലനില്‍പ്പിന് നിര്‍ണായക പങ്ക് വഹിച്ച അദ്ദേഹം അവസാന അഞ്ച് മത്സരങ്ങളില്‍ അഞ്ചു ഗോള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.
“സാന്റോസ് എന്റെ സ്ഥലമാണ്, ഇവിടെ തന്നെയാണ് എന്റെ വീട്,” ക്ലബിന്റെ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച വീഡിയോയില്‍ നെയ്മര്‍ പറഞ്ഞു. സാന്റോസിന്റെ ആരാധകരോടൊപ്പം ഇനി കൈവരിക്കാനുളള സ്വപ്നങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ദീര്‍ഘകാലമായി പരിക്കുകളുമായി പൊരുതുന്ന നെയ്മര്‍ കഴിഞ്ഞ മാസം മുട്ടിന് ആര്‍ത്ത്രോസ്കോപിക് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നുവെന്നും അത് വിജയകരമായിരുന്നുവെന്നും ക്ലബ് അറിയിച്ചു. ബാഴ്‌സലോണയും പാരിസ് സെയ്ന്റ് ജെര്‍മൈനും വേണ്ടി കളിച്ച മുന്‍ താരം ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററാണ് — 79 ഗോളുകള്‍.
2023 മുതല്‍ ബ്രസീല്‍ ദേശീയ ടീമിനായി നെയ്മര്‍ കളത്തിലിറങ്ങിയിട്ടില്ല. പൂര്‍ണ ആരോഗ്യനില കൈവരിച്ചാല്‍ മാത്രമേ ദേശീയ ടീമിലേക്ക് തിരിച്ചുവിളിക്കുകയുള്ളുവെന്ന് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി ഒക്ടോബറില്‍ വ്യക്തമാക്കിയിരുന്നു.
ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ കാനഡ, മെക്സിക്കോ, യുഎസ് എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പില്‍ ബ്രസീല്‍ ഗ്രൂപ്പ് സിയില്‍ സ്കോട്ട്ലാന്‍ഡ്, മൊറോക്കോ, ഹൈറ്റി ടീമുകളെ നേരിടും.