
ആന്ധ്രാപ്രദേശിലെ മാർകാപുരം ജില്ലയിൽ റായവരം സമീപം ഇന്ന് പുലർച്ചെ ഉണ്ടായ ഭീകര റോഡപകടത്തിൽ കുറഞ്ഞത് 13 പേർ മരിച്ചു. സ്വകാര്യ ട്രാവൽ ബസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് വൻ തീപിടിത്തമുണ്ടായി. ക്വാറി പ്രദേശത്തിന് സമീപം ഉണ്ടായ അപകടത്തിൽ ബസ് പൂർണ്ണമായും കത്തിനശിച്ചു.

ആദ്യ റിപ്പോർട്ടുകൾ പ്രകാരം നിരവധി യാത്രക്കാർ ബസിനുള്ളിൽ കുടുങ്ങിയതിനാൽ തീപിടിത്തത്തിൽ മരണപ്പെട്ടു. രക്ഷാപ്രവർത്തനവും മരിച്ചവരെ തിരിച്ചറിയുന്നതും തുടരുന്നതിനാൽ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതർ അറിയിച്ചു.
പരിക്കേറ്റ കുറഞ്ഞത് 20 പേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടൻ തന്നെ പോലീസ്, അടിയന്തരസേവന വിഭാഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ മാറ്റി സുരക്ഷാ നടപടികളും സ്വീകരിച്ചു. ഹൈദരാബാദിൽ നിന്ന് പാമൂരിലേക്ക് പോകുന്നതിനിടെയാണ് ബസ് അപകടത്തിൽപ്പെട്ടത്.
പ്രസിഡന്റ് ദ്രൗപദി മുര്മു, വൈസ് പ്രസിഡണ്ട് സി. പി. രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രസിഡന്റ് അനുശോചനം അറിയിച്ചു. സംഭവം അതീവ ദുഃഖകരമാണെന്ന് വിശേഷിപ്പിച്ച വൈസ് പ്രസിഡണ്ട് പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
പ്രധാനമന്ത്രി മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് ഓരോരുത്തർക്കും ₹2 ലക്ഷം വീതവും പരിക്കേറ്റവർക്ക് ₹50,000 വീതവും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകുമെന്ന് പ്രഖ്യാപിച്ചു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ അധികൃതർക്കു നിർദ്ദേശം നൽകി. സംഭവത്തിന്റെ കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്താൻ ഉത്തരവിട്ടതായും അറിയിച്ചു.