
തിരുവനന്തപുരം:രാത്രികാല യാത്രകളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി ബസുകൾക്ക് പുതിയ നിർദേശം. ലൈറ്റനിങ് സർവീസുകൾ ഒഴികെയുള്ള എല്ലാ കെഎസ്ആർടിസി ബസുകളും രാത്രി 8 മണി മുതൽ രാവിലെ 6 മണിവരെ സ്ത്രീകളും കുട്ടികളും ആവശ്യപ്പെടുന്ന സ്റ്റോപ്പുകളിൽ ബസ് നിർത്തി യാത്രക്കാർക്ക് ഇറങ്ങാൻ സൗകര്യം ഒരുക്കണമെന്ന് ഗതാഗത മന്ത്രി കെ. ഗണേഷ് കുമാർ നിർദേശിച്ചു. നിർദേശം ലംഘിക്കുന്ന ജീവനക്കാർക്കെതിരെ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

കുട്ടികളോടൊപ്പം യാത്ര ചെയ്യുന്നവർക്കും അംഗപരിമിതികൾ ഉള്ള യാത്രക്കാർക്കും ഇതേ പരിഗണന നൽകേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി. സ്ത്രീകൾക്ക് പ്രത്യേക പരിഗണന നൽകുക എന്നത് കെഎസ്ആർടിസിയുടെ നയമാണെന്നും കുടുംബയാത്രക്കാർ കൂടുതൽ സുരക്ഷിതമായി കെഎസ്ആർടിസി ബസുകൾ ഉപയോഗിക്കണം എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നിർദേശം സംസ്ഥാനത്തുടനീളമുള്ള കെഎസ്ആർടിസി സർവീസുകളിൽ കർശനമായി നടപ്പാക്കുമെന്നും യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തിയാണ് തീരുമാനം എടുത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു.