
ന്യൂഡൽഹി: 2024-25 ൽ റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായ ഉൽപ്പാദനക്ഷമതാ ബന്ധിത ബോണസ് (PLB) നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
ട്രാക്ക് മെയിന്റനർമാർ, ലോക്കോ പൈലറ്റുമാർ, ട്രെയിൻ മാനേജർമാർ, സ്റ്റേഷൻ മാസ്റ്റർമാർ, ടെക്നീഷ്യൻമാർ, മറ്റ് ഗ്രൂപ്പ് ‘സി’ ജീവനക്കാർ എന്നിവരുൾപ്പെടെ 10.91 ലക്ഷത്തിലധികം ഗസറ്റഡ് അല്ലാത്ത റെയിൽവേ ജീവനക്കാർക്ക് 1,865.68 കോടി രൂപയുടെ ബോണസ് പ്രയോജനപ്പെടും. യോഗ്യരായ ഓരോ ജീവനക്കാരനും പരമാവധി ₹17,951 ലഭിക്കും.
ജീവനക്കാർക്ക് പ്രോത്സാഹനമായി പി എൽ ബി ദുർഗാ പൂജയ്ക്കും ദസറയ്ക്കും മുമ്പാണ് നൽകുന്നത്. 2024-25 ൽ, ഇന്ത്യൻ റെയിൽവേ മികച്ച ഫലങ്ങൾ രേഖപ്പെടുത്തി, 1,614.90 ദശലക്ഷം ടൺ ചരക്ക് ലോഡ് ചെയ്യുകയും ഏകദേശം 7.3 ബില്യൺ യാത്രക്കാരെ കൊണ്ടുപോകുകയും ചെയ്തു.
റെക്കോഡ് പ്രവർത്തന നാഴികക്കല്ലുകൾ കൈവരിക്കുന്നതിൽ റെയിൽവേ ജീവനക്കാരുടെ സംഭാവനയ്ക്കുള്ള സർക്കാരിന്റെ അംഗീകാരമാണ് ഈ തീരുമാനം അടിവരയിടുന്നത്.
