
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അടുത്ത 25 വർഷത്തെ വികസന ദിശ നിർണ്ണയിക്കുന്ന സമഗ്ര ‘നഗര നയത്തിന്’ കേരള സർക്കാർ മന്ത്രിസഭ അംഗീകാരം നൽകി. രാജ്യത്ത് ഇത്തരമൊരു സമഗ്ര നഗര നയം രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ്.

സംസ്ഥാനത്ത് അതിവേഗം നഗരവൽക്കരണം നടക്കുന്നതിനിടെയാണ് ഭാവി വികസന വെല്ലുവിളികളെ ശാസ്ത്രീയവും സുസ്ഥിരവുമായ രീതിയിൽ നേരിടുന്നതിനുള്ള മാസ്റ്റർ പ്ലാനായി നഗര നയം തയ്യാറാക്കിയിരിക്കുന്നത്. 2050 ഓടെ കേരളത്തിലെ ഏകദേശം 80 ശതമാനം പ്രദേശങ്ങളും നഗര സ്വഭാവത്തിലേക്ക് മാറുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്ന സാഹചര്യത്തിൽ, ഈ മാറ്റങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യുകയാണ് നയത്തിന്റെ പ്രധാന ലക്ഷ്യം.
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള പരിസ്ഥിതി സൗഹൃദ നഗര ശൃംഖലകൾ സൃഷ്ടിക്കൽ, സാമൂഹിക അസമത്വങ്ങൾ കുറയ്ക്കൽ, നഗരസൗകര്യങ്ങൾ സാധാരണക്കാരിലേക്ക് കൂടുതൽ സുലഭമാക്കൽ എന്നിവ നയത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങളാണ്. കൂടാതെ നഗരവൽക്കരണത്തെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പ്രേരകശക്തിയാക്കുകയും ജനകേന്ദ്രീകൃത സേവനങ്ങൾ, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, സുതാര്യവും കാര്യക്ഷമവുമായ ഭരണം എന്നിവ ഉറപ്പാക്കുകയും ചെയ്യുന്നതാണ് ലക്ഷ്യം.
വികേന്ദ്രീകൃത ആസൂത്രണത്തിന്റെ കരുത്ത് പ്രയോജനപ്പെടുത്തി ലോകത്തിന് മാതൃകയാകുന്ന ഒരു നഗര സംസ്കാരം കേരളത്തിൽ രൂപപ്പെടുത്താൻ ഈ നയം വഴികാട്ടുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.