ടാക്സി ഡ്രൈവർമാരുടെ പരാതിയെ തുടർന്ന് ക്വിക്ക് റൈഡ് പോലുള്ള മൊബൈൽ ആപ്പുകളിലൂടെ നൽകുന്ന കാർ പൂളിംഗ് സേവനങ്ങൾ ബെംഗളൂരുവിലെ ഗതാഗത വകുപ്പ് നിരോധിച്ചു. ഈ സേവനങ്ങൾ നടത്തുന്നവർക്ക് ആറ് മാസം വരെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്യുന്നതിനും 5,000 മുതൽ 10,000 രൂപ വരെ പിഴ ഈടാക്കുന്നതിനും സാധ്യതയുണ്ട്.
വാണിജ്യ ഉപയോഗത്തിന് അനുമതിയില്ലാത്ത സ്വകാര്യ കാറുകൾ ഉപയോഗിച്ചാണ് കാർ പൂളിംഗ് ആപ്പുകൾ നിയമലംഘനം നടത്തുന്നതെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. ഈ അനധികൃത പ്രവർത്തനങ്ങൾക്കെതിരെ നിയമ നടപടികൾ ആരംഭിക്കാൻ എച്ച്‌എസ്‌ആർ ലേഔട്ട്, ജയനഗർ, ഇലക്ട്രോണിക് സിറ്റി, കെ ആർ പുര, യലഹങ്ക, ദേവനഹള്ളി തുടങ്ങിയ പ്രദേശങ്ങളിലെ ആർടിഒ- ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കാർ പൂളിംഗ് തിരക്ക് കുറയ്ക്കുന്നതിനും ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും വളരെ ഫലപ്രദമായ പരിഹാരമാണെന്ന് അതിനെ പിന്തുണയ്ക്കുന്നവർ പറയുന്നു. 73.6 ലക്ഷം ഇരുചക്രവാഹനങ്ങളും 23.5 ലക്ഷം നാലുചക്രവാഹനങ്ങളും ഉൾപ്പെടെ നഗരത്തിൽ വാഹനങ്ങളുടെ എണ്ണം 1.1 കോടി കവിഞ്ഞതിനാൽ, തിരക്ക് കുറയ്ക്കാൻ നൂതനമായ പരിഹാരങ്ങൾ ആവശ്യമാണെന്നവർ പറയുന്നു.
തിരക്ക് കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ പരിഹാരമായി കാർ പൂളിംഗ് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ഈ സേവനങ്ങളെ സംബന്ധിച്ച് സർക്കാർ ഇതുവരെ വ്യക്തമായ നയം രൂപീകരിച്ചിട്ടില്ല