
കൊല്ലം: ശക്തികുളങ്ങര മരുത്തടി ദേവീക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനിടെ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് മസ്തിഷ്ക മരണത്തിന് ഇടയാക്കിയ സംഭവത്തിൽ രണ്ട് പ്രതികളെ പോലീസ് പിടികൂടി. മരുത്തടി സ്വദേശികളായ സുനിൽകുമാർ,രതീഷ് എന്നിവരാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.

ഒളിവിലുള്ള പ്രതികളെ പിടികൂടുന്നതിനായി ശക്തികുളങ്ങര പോലീസ് ഇൻസ്‌പെക്ടർ പ്രസാദിന്റെ നേതൃത്വത്തിൽ പത്തംഗ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വെളുപ്പിന് ശക്തികുളങ്ങര മരുത്തടി ദേവീക്ഷേത്രത്തിലെ തങ്കയങ്കി ഘോഷയാത്രയ്ക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം. പുത്തൂർ ഐവർകാല ഈസ്റ്റ് സോപാനം വീട്ടിൽ ജയസേനന്റെ മകൻ ഹരികൃഷ്ണൻ (18) ആണ് ക്രൂരമായ മർദ്ദനമേറ്റത്.
ഉത്സവാഘോഷത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് പ്രതികൾ ഉൾപ്പെട്ട അക്രമി സംഘം ഹരികൃഷ്ണനെയും സഹോദരൻ ജയകൃഷ്ണനെയും ബന്ധുവായ രാജേഷിനെയും സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണനെ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് മേവറത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. നില വഷളായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
എന്നാൽ ചികിത്സയിലിരിക്കെ ഹരികൃഷ്ണന് മസ്തിഷ്ക മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ ശക്തികുളങ്ങര പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.