
തിരുവനന്തപുരം: കേരളത്തില്‍ കാത്ത് ലാബ് സ്ഥാപിക്കാനുള്ള അവസാന ജില്ലയായ ഇടുക്കിയിലും ഇനി ഈ അത്യാധുനിക ഹൃദ്രോഗ പരിശോധന–ചികിത്സാ സൗകര്യം ലഭ്യമാകും. ഇടുക്കി ജില്ലയിലെ അടിമാലി താലൂക്ക് ആശുപത്രിയിലും ഇടുക്കി മെഡിക്കല്‍ കോളേജിലും കാത്ത് ലാബ് സ്ഥാപിക്കുന്നതിന് ഇന്ന് ചേര്‍ന്ന സാങ്കേതിക സമിതി അനുമതി നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഇടുക്കി പാക്കേജില്‍ നിന്നാണ് പദ്ധതിക്കാവശ്യമായ തുക അനുവദിച്ചിരിക്കുന്നത്.

ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാത്ത് ലാബ് സൗകര്യം ഉറപ്പാക്കുന്ന ഘട്ടത്തിലേക്ക് ആരോഗ്യവകുപ്പ് കടക്കുകയാണ്. നിലവിലെ സര്‍ക്കാരിന്റെ കാലയളവില്‍ കാസര്‍ഗോഡ്, വയനാട്, കണ്ണൂര്‍, കാഞ്ഞിരപ്പള്ളി, കോഴിക്കോട് ബീച്ച്, തൃശൂര്‍ ജില്ലാ ആശുപത്രികള്‍, കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ കാത്ത് ലാബുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
ഇതിന് പുറമെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ നിരവധി മെഡിക്കല്‍ കോളേജുകളില്‍ നിലവിലുള്ള സൗകര്യങ്ങള്‍ക്ക് പുറമെ പുതിയ കാത്ത് ലാബുകള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.