
ന്യൂഡൽഹി: ക്രിസ്ത്യൻ സമൂഹത്തിന് ന്യൂനപക്ഷ പദവി നൽകുന്നതുമായി ബന്ധപ്പെട്ട വിഷയം കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയുമായി ചർച്ച ചെയ്തതായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

പാർലമെന്റ് ഹൗസിലെ ഓഫീസിൽ വെച്ച് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിനെ കണ്ടപ്പോൾ ഈ വിഷയത്തിൽ വിശദമായ ചർച്ച നടത്തിയതായി അദ്ദേഹം പറഞ്ഞു. ക്രിസ്ത്യൻ സഭാ നേതാക്കൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്ന് ക്രിസ്ത്യൻ സമൂഹത്തിന് ന്യൂനപക്ഷ പദവി നൽകുക എന്നതാണ്.
ഈ ആവശ്യത്തോട് മന്ത്രി യോജിച്ചുവെന്നും നരേന്ദ്ര മോദി സർക്കാരിനും ഈ വിഷയത്തിൽ അനുകൂലമായ നിലപാടാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ എടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.