ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ചേലൂർ കായൽ കേന്ദ്രമാക്കി വിനോദസഞ്ചാര വികസനത്തിനുള്ള പദ്ധതികൾ തയ്യാറാക്കി. ശാസ്താംകോട്ടയുടെ കിഴക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന ചേലൂർ കായൽ ദേശാടന പക്ഷികളുടെ ആവാസകേന്ദ്രവും പ്രകൃതിസൗന്ദര്യത്താൽ സമ്പന്നമായ ഇക്കോ ടൂറിസം സാധ്യതാമേഖലയുമാണ്.
പദ്ധതിയുടെ ഭാഗമായി പ്രകൃതിസൗഹൃദ താമസസൗകര്യങ്ങൾ, ബോട്ടിംഗ്, കുട്ടവഞ്ചി സവാരി, കുട്ടികൾക്കായുള്ള പാർക്ക് തുടങ്ങിയവ ഒരുക്കും. സർക്കാർ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി, ടൂറിസം വകുപ്പ്–പഞ്ചായത്ത് സംയുക്തമായി പദ്ധതി നടപ്പാക്കും. അഞ്ചുകോടി രൂപ ചെലവഴിക്കുന്ന പദ്ധതി രണ്ടു ഘട്ടങ്ങളായി നടപ്പാക്കാനാണ് തീരുമാനം. പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് ₹96 ലക്ഷം, ടൂറിസം വകുപ്പിൽ നിന്ന് ₹50 ലക്ഷം അനുവദിച്ച് അടിസ്ഥാന ഘടക പ്രവർത്തനങ്ങൾ ആരംഭിക്കും.
ആദ്യഘട്ടത്തിൽ അഡ്മിൻ ബ്ലോക്ക്, നടപ്പാത, തടി മേൽത്തട്ട് എന്നിവ നിർമ്മിക്കും. അഡ്മിൻ ബ്ലോക്കിൽ ടിക്കറ്റ് കൗണ്ടർ, ഓഫീസ് സൗകര്യങ്ങൾ, ശൗചാലയം, വിശ്രമമുറി, ലഘുഭക്ഷണശാല എന്നിവ ഉണ്ടാകും. 200 മീറ്റർ നീളമുള്ള നടപ്പാതയുടെ ഇരുവശങ്ങളിലും ചൈനീസ് ശൈലിയിലുള്ള അലങ്കാര വിളക്കുകൾ സ്ഥാപിക്കും. പരിസ്ഥിതി സൗഹൃദമായി 478 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമാണപ്രവർത്തനങ്ങൾ നടക്കും.
രണ്ടാം ഘട്ടത്തിൽ കായൽക്കരയിൽ 100 പേർക്ക് ഒരേസമയം ഇരുന്നുകഴിക്കാൻ സാധിക്കുന്ന ഭക്ഷണശാലയും തനത് കലാപരിപാടികൾക്കുള്ള വേദിയും സജ്ജമാക്കും. കായലിൽ നിന്ന് നേരിട്ട് മീൻപിടിച്ച് വിഭവങ്ങൾ പാചകം ചെയ്യുന്ന ഭക്ഷണശാലയാണ് ഇതിന്റെ പ്രത്യേകത. കൂടാതെ കുട്ടവഞ്ചി, ബോട്ടിംഗ്, പുരവഞ്ചി, കയാക്കിംഗ് തുടങ്ങിയ വാട്ടർ സ്‌പോർട്സ് സംവിധാനങ്ങളും കുട്ടികൾക്കായുള്ള വിജ്ഞാനപരവും സാഹസികവുമായ പാർക്കും ഒരുക്കും.
സഞ്ചാരികൾക്ക് അഞ്ചുകിലോമീറ്റർ ചുറ്റളവിൽ മൺട്രോത്തുരുത്ത്, മൗണ്ട് ഹോറേബ് ആശ്രമം, മയ്യത്തുംകര പള്ളി, തെക്കൻ മലയാറ്റൂർ പള്ളി, ചിറ്റുമല ക്ഷേത്രം തുടങ്ങിയ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദർശിക്കാനുള്ള അവസരമുണ്ടാകും.
പദ്ധതി പൂർത്തിയാകുമ്പോൾ ശാസ്താംകോട്ടയുടെ ടൂറിസം സാധ്യതകൾ വർദ്ധിക്കുകയും പഞ്ചായത്തിന് അധികവരുമാനവും തൊഴിൽ അവസരങ്ങളും ലഭിക്കുകയും ചെയ്യും. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ഗീത അറിയിച്ചു.
