ചെങ്ങന്നൂർ: ശബരിമല തീർഥാടകരടക്കം ലക്ഷക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നവീകരണ പദ്ധതിക്ക് റെയിൽവേ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
അംബ്രല്ല വർക്കിന്റെ (ഫേസ്-III) ഭാഗമായി, പ്ലാൻ ഹെഡ്-53 (CAP) പ്രകാരം ഈ പദ്ധതി നടപ്പിലാക്കുന്നതിനായി റെയിൽവേ ബോർഡിന്റെ ധനകാര്യ വിഭാഗം ₹98.46 കോടി രൂപ അനുവദിച്ചു.
പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി ഓൺലൈൻ ആയി ശിലാസ്ഥാപനം നടത്തിയ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത് ₹222 കോടി രൂപയോടെയാണ്. പിന്നീട് ഡിസൈൻ, പ്ലാൻ, ഡിപിആർ എന്നിവയിൽ രണ്ടു തവണ മാറ്റം വരുത്തി തുക ₹160 കോടിയായി കുറച്ചു. ഇപ്പോൾ പുതുക്കിയ ഡിപിആർ പ്രകാരം ₹98.46 കോടി രൂപയുടെ അന്തിമ അംഗീകാരം ലഭിച്ചിരിക്കുകയാണ്.
വികസന പദ്ധതി വൈകുന്നത് സംബന്ധിച്ച് പാർലമെന്റിൽ ചോദ്യം ഉന്നയിക്കുകയും, റെയിൽവേ മന്ത്രിയെയും ബോർഡ് ചെയർമാനെയും നേരിൽ കണ്ട് അടിയന്തരമായി അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് നിവേദനം സമർപ്പിക്കുകയും ചെയ്തതായി എംപി പറഞ്ഞു.
പദ്ധതി പൂർത്തിയാകുന്നതോടെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ:
മെച്ചപ്പെട്ട യാത്രാസൗകര്യങ്ങൾ
ഗ്രീൻ ബിൽഡിംഗ് സംവിധാനങ്ങൾ
ആധുനിക ടിക്കറ്റിംഗ് സംവിധാനങ്ങൾ
നവീകരിച്ച കാത്തിരിപ്പ് ഹാളുകൾ
എന്നിവ ഉൾപ്പെടുത്തും. ഇതിലൂടെ ആയിരക്കണക്കിന് യാത്രക്കാർക്ക് ഗുണമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
പദ്ധതി നടപ്പിലാക്കുന്നതിനായി സതേൺ റെയിൽവേയുടെ ജനറൽ മാനേജർക്കും ബന്ധപ്പെട്ട ധന, ഓഡിറ്റ് വിഭാഗങ്ങൾക്കും ഔദ്യോഗിക അനുമതി ഉത്തരവ് ലഭിച്ചതായും എംപി അറിയിച്ചു.

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ/ഫോട്ടോ കടപ്പാട്-Jay