You are currently viewing കണ്ണൂർ വിമാനത്താവള ഭൂമി ഏറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കണ്ണൂർ വിമാനത്താവളം /ഫോട്ടോ-Shyamal

കണ്ണൂർ വിമാനത്താവള ഭൂമി ഏറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

  • Post author:
  • Post category:Kerala
  • Post comments:0 Comments

കണ്ണൂർ – കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഈ മാസം പ്രത്യേക യോഗം ചേരുമെന്ന് അദ്ദേഹം അറിയിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെ.വി. സുമേഷും ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കണ്ണൂർ വിമാനത്താവളത്തിനായി 1113.33 ഏക്കർ ഭൂമി ആദ്യഘട്ടത്തിൽ KIAL-ന് കൈമാറിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ടാം ഘട്ടമായി 804.37 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിച്ചുവരികയാണ്.

വ്യവസായ പാർക്ക് സ്ഥാപിക്കാനായി 1970.05 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടയിൽ കോളാരി, കീഴല്ലൂർ വില്ലേജുകളിൽപ്പെട്ട 21.81 ഹെക്ടർ ഭൂമി കിൻഫ്രയ്ക്ക് കൈമാറിയിട്ടുണ്ട്. കീഴൂർ, പട്ടാനൂർ വില്ലേജുകളിൽപ്പെട്ട 202.34 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഫണ്ട് അനുവദിച്ചിരിക്കുകയാണ്.

വിമാനത്താവളത്തിന്റെ റൺവേ 4000 മീറ്ററായി ദീർഘിപ്പിക്കുന്നതിന്, കീഴല്ലൂർ വില്ലേജിൽ ഉൾപ്പെട്ട 245.33 ഏക്കർ ഭൂമി നോട്ടിഫൈ ചെയ്തിട്ടുണ്ട്. റൺവേ എക്സ്റ്റൻഷനായി 750 കോടി രൂപയും പുനരധിവാസത്തിനായി 150 കോടി രൂപയുമടങ്ങി 900 കോടി രൂപയുടെ നിർദേശം കണ്ണൂർ ജില്ലാ കളക്ടർ സമർപ്പിച്ചു.

കോഴിക്കോട് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് പദ്ധതി പ്രദേശത്തെ കെട്ടിടങ്ങൾക്കുള്ള മൂല്യനിർണ്ണയം നിർവഹിച്ചുവരികയാണ്. ഇതിൽ 39 കെട്ടിടങ്ങളുടെ മൂല്യനിർണ്ണയം പൂർത്തിയായി, 3,70,466 രൂപ അനുവദിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 162 കെട്ടിടങ്ങൾക്കുള്ള മൂല്യനിർണ്ണയം പൂർത്തിയാകുന്നതിന് ശേഷം തുക അനുവദിക്കും.

ഭൂമി ഏറ്റെടുക്കുന്നവർക്കു പകരം ഭൂമി നൽകാനുള്ള വ്യവസ്ഥ ഇല്ലാത്തതിനാൽ, ഒരു പ്രത്യേക പാക്കേജ് ശുപാർശ ചെയ്യാൻ ജില്ലാ കളക്ടർക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. വിമാനത്താവളത്തിന്റെ സുരക്ഷിതത്വത്തിനായി കാറ്റഗറി 1 ലൈറ്റിംഗിനായി ഏറ്റെടുത്ത ഭൂമിക്ക് സമീപമുള്ള 5 കുടുംബങ്ങളുടെ 71.85 സെന്റ് ഭൂമി ഏറ്റെടുക്കാനുള്ള ഭരണാനുമതി നൽകി, 4.32 കോടി രൂപ റിലീസ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ഇതിന് പുറമെ 14 കുടുംബങ്ങളുടെ കൈവശ ഭൂമി ഏറ്റെടുക്കുന്നതിനും വസ്തുവകകൾ സർക്കാർ ഏറ്റെടുക്കുന്നതിനും തത്വത്തിൽ തീരുമാനം എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിശദമായ പ്രൊപ്പോസൽ കണ്ണൂർ ജില്ലാ കളക്ടർ തയ്യാറാക്കേണ്ടതിനായി നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രശ്നപരിഹാരത്തിനായി സമയബന്ധിതമായ നടപടികൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകി.

Leave a Reply