
ബെയ്ജിംഗ്: ഇറാന്റെ സ്ഥിരതയ്ക്ക് ചൈന വീണ്ടും പിന്തുണ പ്രഖ്യാപിച്ചു. സ്വതന്ത്രവും പരമാധികാരമുള്ള രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടലുകൾ നടത്തുന്നതിനെയും അന്താരാഷ്ട്ര ബന്ധങ്ങളിൽ ബലം പ്രയോഗിക്കുമെന്ന ഭീഷണിയെയോ ചൈന സ്ഥിരമായി എതിര്‍ക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ വ്യക്തമാക്കി.

പരമാധികാരം, സ്വാതന്ത്ര്യം, ഭൗമ അഖണ്ഡത എന്നിവയുടെ സംരക്ഷണമാണ് ചൈന എപ്പോഴും പിന്തുടരുന്നതെന്നും തർക്കങ്ങൾ സംഭാഷണത്തിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പരിഹരിക്കപ്പെടണമെന്ന് ബെയ്ജിംഗ് വിശ്വസിക്കുന്നുവെന്നും ലിൻ ജിയാൻ പറഞ്ഞു. പുറം സമ്മർദ്ദങ്ങളോ സൈനിക ഭീഷണികളോ സംഘർഷം കൂടുതൽ രൂക്ഷമാക്കുകയും പ്രദേശിക സമാധാനവും സ്ഥിരതയും ദുർബലപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മധ്യപൂർവേഷ്യയിലെ സ്ഥിരതയ്ക്ക് സഹായകമായ എല്ലാ ശ്രമങ്ങൾക്കും ചൈന പിന്തുണ നൽകുന്നതായും എല്ലാ പക്ഷങ്ങളും ആത്മസംയമനം പാലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പരസ്പര ബഹുമാനത്തെയും അന്താരാഷ്ട്ര നിയമത്തെയും അടിസ്ഥാനമാക്കിയുള്ള സമാധാനപരമായ പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കാൻ ചൈന പ്രതിബദ്ധമാണെന്നും ലിൻ ജിയാൻ വ്യക്തമാക്കി.