You are currently viewing ക്രിസ്മസ്–പുതുവത്സര സീസൺ: സപ്ലൈകോയ്ക്ക് 82 കോടി രൂപയുടെ വിറ്റുവരവ്

ക്രിസ്മസ്–പുതുവത്സര സീസൺ: സപ്ലൈകോയ്ക്ക് 82 കോടി രൂപയുടെ വിറ്റുവരവ്

തിരുവനന്തപുരം: ക്രിസ്മസ്–പുതുവത്സര സീസണിൽ സപ്ലൈകോയ്ക്ക് 82 കോടി രൂപയുടെ വിറ്റുവരവ് ലഭിച്ചതായി അധികൃതർ അറിയിച്ചു. ഡിസംബർ 22 മുതൽ ജനുവരി 1 വരെ (ഡിസംബർ 25 അവധി ഉൾപ്പെടെ) 10 ദിവസത്തെ വിൽപ്പന കണക്കുകളാണിത്.
ഈ കാലയളവിൽ സബ്സിഡി സാധനങ്ങളുടെ വിറ്റുവരവ് 36.06 കോടി രൂപയായി. പെട്രോൾ പമ്പുകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സപ്ലൈകോ വില്പനശാലകളിലെയും, ആറു ജില്ലകളിൽ സംഘടിപ്പിച്ച പ്രത്യേക ക്രിസ്മസ് ഫെയറുകളിലെയും വിൽപ്പന ഇതിൽ ഉൾപ്പെടുന്നു.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലായിരുന്നു പ്രത്യേക ക്രിസ്മസ് ഫെയറുകൾ സംഘടിപ്പിച്ചത്. ഈ ഫെയറുകളിൽ നിന്നു മാത്രം 74 ലക്ഷം രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. ഇതിൽ 40.94 ലക്ഷം രൂപ സബ്സിഡി ഇനങ്ങളുടെയും 33.06 ലക്ഷം രൂപ സബ്സിഡിയേതര ഇനങ്ങളുടെയും വിറ്റുവരവാണ്.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പ്രത്യേക ക്രിസ്മസ് ഫെയറിൽ 29.31 ലക്ഷം രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. ഇതിൽ 16.19 ലക്ഷം രൂപ സബ്സിഡി സാധനങ്ങളുടെ വിറ്റുവരവായിരുന്നു.

ഉത്സവസീസണിൽ പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള സാധനങ്ങൾ ന്യായമായ വിലയിൽ ലഭ്യമാക്കുന്നതിന് സപ്ലൈകോയുടെ ഇടപെടൽ ഫലപ്രദമായതായി അധികൃതർ വിലയിരുത്തി.

Leave a Reply