You are currently viewing കേരളത്തിൽ എവിടെയും വൃത്തിയുള്ള ശുചിമുറി കണ്ടെത്താൻ ഇനി ‘ക്ലൂ’ ആപ്പ്

കേരളത്തിൽ എവിടെയും വൃത്തിയുള്ള ശുചിമുറി കണ്ടെത്താൻ ഇനി ‘ക്ലൂ’ ആപ്പ്

തൊഴിലാളികൾക്കും യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി ഏറെ സഹായകരമായ പദ്ധതിയുമായി ശുചിത്വമിഷൻ രംഗത്തേക്ക്. ഇനി യാത്രയ്ക്കിടെ വൃത്തിയുള്ള ശുചിമുറി കണ്ടെത്താൻ ബുദ്ധിമുട്ടില്ല — ‘ക്ലൂ’ (Clue) എന്ന പുതിയ മൊബൈൽ ആപ്പ് ഉടൻ ലഭ്യമാകും.

കേരള ലൂ (Kerala Loo) എന്നതിന്റെ ചുരുക്കരൂപമായ ‘ക്ലൂ’ ആപ്പിന്റെ ലക്ഷ്യം, സംസ്ഥാനത്തെ ഏത് ഭാഗത്തും തൊട്ടടുത്തുള്ള ശുചിത്വമുള്ള ശുചിമുറി കണ്ടെത്താനുള്ള സൗകര്യം നൽകുക എന്നതാണ്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങളും പൊതുശുചിമുറികളും മാത്രമല്ല, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളിലെ ശുചിമുറികളും ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്.

ആപ്പിൽ റിയൽ ടൈം അപ്ഡേറ്റുകളും മാപ്പ് വഴി കൃത്യമായ സ്ഥലവിവരങ്ങളും ലഭ്യമാകും. ശുചിമുറികളുടെ പ്രവർത്തനസമയം, ഉപയോക്തൃ റേറ്റിങ് സംവിധാനം, മറ്റു സൗകര്യങ്ങൾ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തദ്ദേശസ്വയംഭരണ വകുപ്പിന്റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി, ശുചിത്വമിഷൻ കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷനുമായി ചേർന്നാണ് പദ്ധതി ആവിഷ്കരിച്ചത്. ഈ പദ്ധതിയുടെ ഭാഗമാകുന്ന സ്വകാര്യസ്ഥാപനങ്ങൾക്ക് അവരുടെ റെസ്റ്റോറന്റുകളിലെ സിഗ്നേച്ചർ വിഭവങ്ങൾ, മറ്റ് സേവനങ്ങൾ എന്നിവ ആപ്പിൽ പ്രദർശിപ്പിക്കാനും സാധിക്കും.
ആപ്പ് വികസിപ്പിച്ചത് ഫ്രൂഗൽ സൈന്റിഫിക് (Frugal Scientific) എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ്. ക്ലൂ ആപ്പ് വൈകാതെ ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകും. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ശുചിമുറികൾ ലഭ്യമായ മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ രജിസ്ട്രേഷൻ ഈ മാസം നാളെ മുതൽ ആരംഭിക്കും.

Leave a Reply