
കൊച്ചി: സംസ്ഥാന സർക്കാരിന്റെ പ്രധാന ആരോഗ്യ പദ്ധതിയായ കൊച്ചിൻ കാൻസർ ആൻഡ് റിസർച്ച് സെൻററിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയാണ് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പൂർത്തിയാകുന്നത്. കിഫ്ബി വഴിയുള്ള 384 കോടി രൂപ ചെലവഴിച്ചാണ് ഈ അത്യാധുനിക കാൻസർ ചികിത്സാ-ഗവേഷണ കേന്ദ്രം ഒരുക്കിയിരിക്കുന്നത്.

സെൻററിന്റെ ആദ്യഘട്ടം ഈ മാസം തന്നെ 100 ബെഡുകളോടെ ഉദ്ഘാടനം ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഘട്ടംഘട്ടമായി കൂടുതൽ ബെഡുകളും സൗകര്യങ്ങളും ഉൾപ്പെടുത്തി കേന്ദ്രം പൂർണ പ്രവർത്തനക്ഷമമാക്കുമെന്ന് അധികൃതർ അറിയിച്ചു.
നൂതന കാൻസർ ചികിത്സാ മാർഗങ്ങൾ ഇവിടെ ലഭ്യമാക്കുന്നതിന് പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. റോബോട്ടിക് സർജറി, ഫോട്ടോൺ തെറാപ്പി തുടങ്ങിയ ആധുനിക ചികിത്സാ സംവിധാനങ്ങൾ പ്രാപ്തമാക്കാൻ കഴിയുന്ന രീതിയിലാണ് കെട്ടിട നിർമാണവും സാങ്കേതിക സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം കാൻസർ ഗവേഷണ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കുൾപ്പെടെ ആവശ്യമായ സൗകര്യങ്ങളോടെ സ്ഥലം ലഭ്യമാക്കാനും പദ്ധതിയുണ്ട്.
സംസ്ഥാനത്ത് കാൻസർ ചികിത്സയും ഗവേഷണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനും രോഗികൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനും കൊച്ചിൻ കാൻസർ ആൻഡ് റിസർച്ച് സെൻറർ വലിയ മുന്നേറ്റമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.