You are currently viewing റെയിൽ പാളങ്ങളിൽ ഇനി കോമ്പോസിറ്റ് സ്ലീപ്പറുകൾ ഉപയോഗിക്കും: റെയിൽ യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായി മാറും

റെയിൽ പാളങ്ങളിൽ ഇനി കോമ്പോസിറ്റ് സ്ലീപ്പറുകൾ ഉപയോഗിക്കും: റെയിൽ യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായി മാറും

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ യാത്രക്കാരുടെ സുരക്ഷയും യാത്രാസൗകര്യവും മെച്ചപ്പെടുത്തുന്നതിനായി നിരവധി സുപ്രധാന സാങ്കേതിക നടപടികൾ പ്രഖ്യാപിച്ചു. റെയിൽവേ മന്ത്രിയുടെ അധ്യക്ഷതയിൽ റെയിൽ ഭവനിൽ ചേർന്ന യോഗത്തിലാണ് ഈ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.

പ്രധാന തീരുമാനങ്ങളിൽ ഒന്നായി പാലങ്ങളുടെ സമീപ പ്രദേശങ്ങളിലും പോയിന്റ്‌സ് & ക്രോസിംഗ്സിലും ഉപയോഗിക്കുന്ന സ്ലീപ്പറുകൾ ഇനി കോമ്പോസിറ്റ് സ്ലീപ്പറുകളാക്കാൻ തീരുമാനിച്ചു. നിലവിൽ ഉപയോഗിക്കുന്ന ഇരുമ്പും കോൺക്രീറ്റും ഉപയോഗിച്ചുള്ള ഭാരമേറിയ സ്ലീപ്പറുകൾക്ക് പകരമാണ് ഇവ ഉപയോഗിക്കുക.

പുതിയ കോമ്പോസിറ്റ് സ്ലീപ്പറുകൾ ഭാരം കുറഞ്ഞതും കൂടുതൽ ഭാരം വഹിക്കാൻ കഴിവുള്ളതുമാണ്. മികച്ച കുഷനിംഗ് സംവിധാനമുള്ളതിനാൽ പാലങ്ങൾക്കും ട്രാക്ക് ജംഗ്ഷനുകൾക്കും മുകളിലൂടെ ട്രെയിൻ കടന്നുപോകുമ്പോൾ യാത്രക്കാർക്ക് കൂടുതൽ സുഖകരമായ അനുഭവം നൽകും. സ്ഥലത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ അനുസരിച്ച് ഇവ രൂപകൽപ്പന ചെയ്യാനും സ്ഥാപിക്കാനും കഴിയുന്നതിനാൽ സ്ഥാപനം, അറ്റകുറ്റപ്പണി എന്നിവ എളുപ്പമാകും.

കോൺക്രീറ്റിനെയും ഇരുമ്പിനെയും അപേക്ഷിച്ച്, മിശ്രിത വസ്തുക്കളിൽ നിന്ന് നിർമ്മിച്ച ഈ കമ്പോസിറ്റ് സ്ലീപ്പറുകൾക്ക് ചതുരശ്ര സെന്റിമീറ്ററിന് 700 കിലോഗ്രാം വരെ ഭാരം താങ്ങാൻ കഴിയും. കൂടാതെ ദീർഘായുസുള്ളതിനാൽ പരിപാലനച്ചെലവ് കുറയ്ക്കാനും ട്രാക്കിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കാനും ഇത് സഹായിക്കും.

ഇതിനുപുറമെ, റെയിൽവേ ട്രാക്കുകളുടെ നിരീക്ഷണം ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്താനും തീരുമാനിച്ചു. ട്രാക്കിന്റെ അടിസ്ഥാനം പരിശോധിക്കുന്നതിനായി ഗ്രൗണ്ട് പെനെട്രേഷൻ റഡാർ ഉൾപ്പെടുന്ന എഐ ഉപകരണങ്ങൾ ഇൻസ്പെക്ഷൻ വാഹനങ്ങളിൽ സ്ഥാപിക്കും.

ട്രാക്ക് വെൽഡിംഗിന്റെ ഗുണമേന്മയും സുരക്ഷയും വർധിപ്പിക്കാൻ മാഗ്നറ്റിക് പാർട്ടിക്കിൾ ടെസ്റ്റിംഗ് എന്ന പുതിയ സാങ്കേതിക വിദ്യയും ഉപയോഗിക്കും. ചെറുതായ പിഴവുകൾ പോലും കണ്ടെത്താൻ ഈ രീതിക്ക് കഴിയും.

ഈ തീരുമാനങ്ങൾ എല്ലാം കൂടി യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും പ്രാധാന്യം നൽകുന്ന ഇന്ത്യൻ റെയിൽവേയുടെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply