
ബാംഗ്ലൂർ: പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഉടമയും ചെയർമാനുമായ ഡോക്ടർ സി.ജെ. റോയ് (C.J. Roy) ബാംഗ്ലൂരിലെ അശോക് നഗറിൽ സ്ഥിതിചെയ്യുന്ന കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വന്തം ലൈസൻസ് ഉള്ള തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയതാകാമെന്ന് പോലീസ് സംശയിക്കുന്നു.

വെടിയേറ്റ് ഉടൻ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തെത്തിയ അശോക് നഗർ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആദായ നികുതി വകുപ്പ് അദ്ദേഹത്തിന്റെ ഓഫീസിലും വസതിയിലും പരിശോധന നടത്തുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു അദ്ദേഹത്തിന്റെ ബിസിനസ് ഗ്രൂപ്പെന്നും റിപ്പോർട്ടുകളുണ്ട്.
ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൺഫിഡന്റ് ഗ്രൂപ്പ് അപ്പാർട്ട്മെന്റുകൾ, റെസിഡൻഷ്യൽ ടൗൺഷിപ്പുകൾ, വാണിജ്യ സമുച്ചയങ്ങൾ, ഹോസ്പിറ്റാലിറ്റി പദ്ധതികൾ തുടങ്ങിയ മേഖലകളിൽ സജീവമായ സ്ഥാപനമാണ്. ബാംഗ്ലൂർ,കൊച്ചി, തിരുവനന്തപുരം, ദുബായ് ഉൾപ്പെടെ കേരളത്തിലെ വിവിധ നഗരങ്ങളിലായി നിരവധി റിയൽ എസ്റ്റേറ്റ് പദ്ധതികൾ ഗ്രൂപ്പ് നടപ്പാക്കിയിട്ടുണ്ട്.