കൊല്ലം: നഗരത്തിലെ പ്രധാന ഗതാഗത കേന്ദ്രമായ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എയർ കോൺകോഴ്‌സിന്റെ നിർമ്മാണം ആരംഭിച്ചു. 126 മീറ്റർ നീളത്തിലും 36 മീറ്റർ വീതിയിലും രണ്ടു ടെർമിനലുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് അതിനെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ വിപുലമായ എയർ കോൺകോഴ്‌സ്, സ്റ്റേഷനിലെ എല്ലാ പ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിക്കുകയും കൂടുതൽ ആധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളുകയും ചെയ്യും.
പദ്ധതിയുടെ പ്രധാന ആകർഷണമായ വാണിജ്യ സമുച്ചയം ഫുഡ് കോർട്ടുകൾ, എ.ടി.എം കൗണ്ടർ, മാളുകൾ എന്നിവയടങ്ങിയിരിക്കും.4450 ചതുരശ്ര മീറ്ററിലധികം വിസ്തീർണ്ണം ഉൾക്കൊള്ളുന്ന ഈ സൗകര്യം യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ സഞ്ചാരാനുഭവം നൽകും.
യാത്ര കഴിഞ്ഞ് മടങ്ങുന്നവരും യാത്രയ്ക്കായി എത്തുന്നവരും ഒരേ വഴിയിലൂടെ പോകേണ്ട അവസ്ഥ ഒഴിവാക്കാൻ വിമാനത്താവള മാതൃകയിലുള്ള പ്രത്യേക മാർഗങ്ങൾ ഒരുക്കും. ഇതുമൂലം യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ അനുഭവം ലഭിക്കും.
യാത്രക്കാർക്ക് വിശ്രമത്തിനും സമയം ചിലവിടുന്നതിനും അനുയോജ്യമായ ഇടങ്ങൾ ഒരുക്കും. യാത്രക്കളുടെ ഇടയിൽ യാത്രക്കാർക്ക് സൗകര്യപ്രദമായ വിശ്രമമുറികളും മറ്റ് ആവശ്യമുള്ള സേവനങ്ങളും ലഭ്യമാകുന്നതിന് എയർ കോൺകോഴ്‌സിൽ വിപുലമായ സൗകര്യങ്ങൾ ഉൾപ്പെടുത്തുന്നു.
എയർ കോൺകോഴ്‌സിലേക്കുള്ള പ്രവേശനം സുഗമമാക്കാൻ പ്രത്യേക എസ്‌കലേറ്ററുകളും ലിഫ്റ്റുകളും സ്ഥാപിക്കും. ഇതിന്റെ നിർമാണം പൂർത്തിയായാൽ പ്ലാറ്റ്‌ഫോമുകളിൽ ഉണ്ടാകുന്ന തിരക്ക് കുറയ്ക്കുകയും ഗതാഗത മാർഗങ്ങൾ കൂടുതൽ ക്രമബദ്ധമാക്കുകയും ചെയ്യും.
