
തിരുവനന്തപുരം: നെല്ല് സംഭരണ രംഗത്ത് സഹകരണ മേഖലയെയും കർഷകരെയും കേന്ദ്രമാക്കി പുതിയ ദ്വിതല സംഭരണ മാതൃക നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കാൻ ചീഫ് സെക്രട്ടറിയെയും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി. വരുന്ന സംഭരണ സീസണിൽ തന്നെ സംവിധാനം നിലവിൽ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പുതിയ സംവിധാനപ്രകാരം നെല്ല് സംഭരണത്തിന് തയ്യാറാകുന്ന പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് നെല്ല് സംഭരിക്കും.

പി.ആർ.എസ് അധിഷ്ഠിത വായ്പകളെ ആശ്രയിക്കുന്നത് ഒഴിവാക്കി, സംഭരണത്തിന് പിന്നാലെ കാലതാമസമില്ലാതെ തന്നെ നെല്ലിന്റെ വില കർഷകർക്ക് വിതരണം ചെയ്യും. ജില്ലാ, താലൂക്ക് തലങ്ങളിൽ സഹകരണ സംഘങ്ങൾ, പാടശേഖര സമിതികൾ, കർഷകർ എന്നിവരുടെ ഓഹരി പങ്കാളിത്തത്തോടെ നോഡൽ സഹകരണ സംഘങ്ങൾ രൂപീകരിക്കും.
സഹകരണ സംഘങ്ങൾ വഴിയാണ് അതാത് പ്രദേശങ്ങളിലെ നെല്ല് സംഭരണം. നോഡൽ സംഘങ്ങളുടെ ഉടമസ്ഥതയിലുള്ളതോ വാടകയ്‌ക്കെടുത്തതോ ആയ മില്ലുകളിലൂടെയോ സ്വകാര്യ മില്ലുകൾ വഴിയോ നെല്ല് സംസ്‌കരണം നടത്തും. നിശ്ചയിച്ച ഔട്ട്-ടേൺ റേഷ്യോ പ്രകാരം സംസ്‌കരിച്ച നെല്ല് പൊതുവിതരണ സംവിധാനത്തിലേക്ക് എത്തിക്കും. നിലവിൽ സ്വകാര്യ മില്ലുകൾക്ക് ലഭിക്കുന്ന പൊടിയരി, ഉമി, തവിട് എന്നിവയും പ്രോസസ്സിംഗ് ചാർജും ഇനി നോഡൽ സഹകരണ സംഘങ്ങൾക്ക് ലഭ്യമാകും. നെല്ല് സംഭരണത്തിന്റെ നോഡൽ ഏജൻസിയായി സപ്ലൈകോ തുടരും.
മിച്ച ഫണ്ടിന്റെ അപര്യാപ്തത കാരണം നെല്ല് സംഭരണത്തിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സഹകരണ സംഘങ്ങൾക്കായി കേരള ബാങ്കിന്റെ പ്രത്യേക സാമ്പത്തിക സഹായ വായ്പ പദ്ധതി രൂപീകരിക്കും.
നോഡൽ സഹകരണ സംഘങ്ങൾക്ക് ആവശ്യമായ പ്രവർത്തന മൂലധന വായ്പയും കേരള ബാങ്ക് വഴിയാണ് ലഭ്യമാക്കുക.
പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി സഹകരണ വകുപ്പ്, ഭക്ഷ്യ–പൊതുവിതരണ വകുപ്പ്, കൃഷി വകുപ്പ്, പാടശേഖര സമിതികൾ, നെല്ല് കർഷക പ്രതിനിധികൾ, കേരള ബാങ്ക്, നോഡൽ സഹകരണ സംഘങ്ങൾ എന്നിവരുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ജില്ലാതല ഏകോപന സമിതി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ രൂപീകരിക്കും. നെല്ല് സംഭരണം, തുക വിതരണം തുടങ്ങിയ നടപടികളുടെ നിരീക്ഷണത്തിനായി ഡിജിറ്റൽ പോർട്ടൽ സംവിധാനവും ഏർപ്പെടുത്തും.
സംഭരണ സമയത്ത് തന്നെ കർഷകർക്ക് തുക ലഭ്യമാക്കുന്നതിലൂടെ കാലതാമസം ഒഴിവാക്കി ഉൽപ്പന്ന നാശം തടയാനാകുമെന്ന് സർക്കാർ വിലയിരുത്തുന്നു. ഭാവിയിൽ സഹകരണ ബ്രാൻഡിംഗിലൂടെ വിലസ്ഥിരതയും മൂല്യവർധനവും ഉറപ്പാക്കാനും, സംഭരണത്തിനാവശ്യമായ കാർഷിക അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാനും പദ്ധതിയിലൂടെ സാധിക്കും. കേരളത്തിന്റെ സ്വന്തം അരിയായ ‘കേരള റൈസ്’ പുറത്തിറക്കാനുള്ള സാധ്യതയും ഈ മാതൃക മുന്നോട്ടുവെക്കുന്നു.
യോഗത്തിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി.എൻ. വാസവൻ, ജി.ആർ. അനിൽ, പി. പ്രസാദ്, കെ. കൃഷ്ണൻകുട്ടി, എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വകുപ്പ് സെക്രട്ടറിമാർ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.