
തിരുവനന്തപുരം: ലൈംഗിക പീഡനം കേസിൽ പ്രതിയാക്കി അറസ്റ്റിലാകാനുള്ള സാഹചര്യം നേരിട്ടിരുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി താൽക്കാലികമായി തടഞ്ഞുകൊണ്ട് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. കേസിൽ വിശദമായ വാദം കേൾക്കുന്നതുവരെ അറസ്റ്റ് ഒഴിവാക്കാനുളള സംരക്ഷണമാണ് കോടതി നൽകിയിരിക്കുന്നത്.
പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി മുമ്പ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും, പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകൾ അദ്ദേഹത്തിന്റെ പങ്കാളിത്തം പ്രഥമദൃഷ്ട്യാ വ്യക്തമാക്കുന്നുവെന്ന നിരീക്ഷണവും രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എംഎൽഎ ഹൈക്കോടതിയെ സമീപിച്ചത്.
സെഷൻസ് കോടതി വിധിക്ക് പിന്നാലെ കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. അതേസമയം, വിധി പുറത്തുവന്നതിന് ശേഷം അദ്ദേഹം ഒളിവിൽ പോയിരുന്നു. കർണാടക അതിർത്തി പ്രദേശങ്ങളിൽ പോലീസ് തിരച്ചിൽ ശക്തമാക്കിയ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വരുന്നത്.
