You are currently viewing ദിലീപ് വിഷയത്തിൽ കോടതി വിധി: സർക്കാർ അപ്പീലിന് പോകും, കോടതിവിധി തൃപ്തികരമല്ലെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്

ദിലീപ് വിഷയത്തിൽ കോടതി വിധി: സർക്കാർ അപ്പീലിന് പോകും, കോടതിവിധി തൃപ്തികരമല്ലെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്

അഭിനേത്രിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഇന്നത്തെ വിധിയെ ചൊല്ലി പ്രതികരണങ്ങൾ തുടരുന്നു. നടൻ ദിലീപിനെ കേസ് മുതൽ വെറുതെ വിട്ട കോടതിവിധിക്കെതിരെ അപ്പീൽ പോകും എന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു കഴിഞ്ഞതായി നിയമമന്ത്രി പി. രാജീവ് അറിയിച്ചു. അതിജീവിതയ്ക്ക് പൂർണ്ണ പിന്തുണ സർക്കാര് നൽകുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കോടതിവിധി തൃപ്തികരമല്ലെന്ന് പ്രതികരിച്ചു. ഗൂഢാലോചന തെളിയിക്കാനാകാതെ പോയത് കേസ് അന്വേഷിച്ച പോലീസിന്റെയും കോടതിയിൽ പ്രോസിക്യൂഷൻ അവതരിപ്പിച്ച വാദങ്ങളുടെയും പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു.

കേസിൽ സർക്കാരും സിപിഐഎമ്മും അതിജീവിതയുടെ പക്കലാണ് എന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചത്.

കോടതിവിധിയെ സംവിധായകൻ മേജർ രവി സ്വാഗതം ചെയ്തു. കേസ് സമഗ്രമായി പരിശോധിച്ച കോടതി സത്യം വ്യക്തമാക്കിയതാണെന്നും, ദിലീപിനെ കുടുക്കാൻ ശ്രമിച്ചവർ തെറ്റായിരുന്നുവെന്നതും വിധി തെളിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരെന്ന് കണ്ടെത്തപ്പെട്ടവർക്ക് സമൂഹത്തിന് മാതൃകയാകുന്ന വിധം കഠിനമായ ശിക്ഷ ലഭിക്കണമെന്നും മേജർ രവി ആവശ്യപ്പെട്ടു.

കേസിന്റെ തുടർ അന്വേഷണം കൂടുതൽ ശക്തമാക്കണമെന്നും, ദിലീപിനെതിരായ ഗൂഢാലോചനയാണ് ഇനി പരിശോധിക്കേണ്ടതെന്നും ചലച്ചിത്ര നിർമ്മാതാവ് സജി നന്ദിയാട്ട് അഭിപ്രായപ്പെട്ടു.

കോടതിവിധിയും അതിനെ ചൊല്ലിയുള്ള രാഷ്ട്രീയ-സാമൂഹികപ്രതികരണങ്ങളും കേസിന്റെ തുടർപാത ഏത് ദിശയിലേക്കാണ് നീങ്ങുന്നത് എന്നതിൽ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്.

Leave a Reply