കഴിഞ്ഞ ദിവസം നടന്ന എ.എഫ്.സി ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിൽ അൽ ഫൈഹയ്ക്കെതിരെ വിജയഗോൾ നേടിയ ശേഷം തന്റെ ട്രേഡ്മാർക്ക് ‘സിയു’ ആഘോഷം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉപേക്ഷിച്ചു. ഇത് ലോകമെമ്പാടുമുള്ള ആരാധകരെ അമ്പരപ്പിച്ചു. 81-ാം മിനിറ്റിൽ മാഴ്സെലോ ബ്രൊസോവിച്ചുമായുള്ള മികച്ച കൂട്ടുകെട്ടിന് ശേഷം ഗോൾ നേടിയ ശേഷം കോർണർ പതാകയ്ക്ക് സമീപം ഓടിയ റൊണാൾഡോ ആകാശത്തേക്ക് ചാടുകയും കൈകൾ നെഞ്ചോട് ചേർത്തുപിടിക്കുകയും ആരാധകരുടെ മുന്നിൽ കൈകുപ്പുകയും ചെയ്തു.
റൊണാൾഡോ തന്റെ “സിയു” ആഘോഷം ഉപേക്ഷിക്കുന്നത് ഇതാദ്യമാണ്. 2013 മുതൽ അദ്ദേഹം ഈ ആഘോഷം ഉപയോഗിച്ചു വരുന്നു. ആഘോഷത്തിന് പിന്നിൽ ഒരു പ്രത്യേക കഥയുണ്ടെന്നും തന്റെ സ്വന്തം രീതിയിലുള്ള ആഘോഷം സൃഷ്ടിക്കുകയായിരുന്നുവെന്നും റൊണാൾഡോ പറഞ്ഞിരുന്നു. “ഞാൻ റയൽ മാഡ്രിഡിൽ എത്തിയപ്പോൾ എന്റെ ചാട്ടം ഒന്ന് വ്യത്യസ്തമാക്കി. ‘സിയു’ എന്ന് വിളിക്കുന്ന ഒരൊച്ച അതിൽ നിന്ന് വന്നു,” അദ്ദേഹം പറഞ്ഞു.
റൊണാൾഡോയുടെ പുതിയ ആഘോഷം എന്താണെന്ന് വ്യക്തമാകുന്നില്ലെങ്കിലും, അത് ഫുട്ബോൾ ലോകത്തെ ആവേശത്തോടെ ഉറ്റുനോക്കിയിരിക്കുകയാണ്. ഈ പുതിയ ആഘോഷം സ്ഥിരമാകുമോ അതോ റൊണാൾഡോ വീണ്ടും “സിയു” ആഘോഷത്തിലേക്ക് മടങ്ങുമോ എന്ന് കാത്തിരുന്നു കാണണം.