പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ തകരാറിലായ സി.ടി. സ്‌കാന്‍ യന്ത്രം ഉടൻ പ്രവർത്തനക്ഷമമാക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ. പുഷ്പലതയും ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആര്‍. സുനില്‍കുമാറും അറിയിച്ചു.
സ്വകാര്യ ലാബുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കിലാണ് ആശുപത്രിയില്‍ സ്‌കാനിംഗിന് ഫീസ് ഈടാക്കുന്നത്. അതിനാലാണ് പുനലൂരും പരിസര പ്രദേശങ്ങളുമുള്ള ജനങ്ങള്‍ പ്രധാനമായും ആശുപത്രിയെ ആശ്രയിക്കുന്നത്.
യന്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളായ ട്യൂബിനും ബോര്‍ഡിനുമാണ് തകരാര്‍ സംഭവിച്ചത്. ഇവ മാറ്റുന്നതിനായി ഏകദേശം 1 കോടി രൂപ ചെലവ് വരുമെങ്കിലും, വാര്‍ഷിക മെയിന്റനന്‍സ് കരാറിന്റെ ഭാഗമായി സൗജന്യമായാണ് കമ്പനിയുടെ ചുമതലയില്‍ പുതിയത് ലഭിക്കുക. യന്ത്രം പൂര്‍ണ്ണമായും ഇറക്കുമതി ചെയ്തതായതിനാല്‍ ഇന്ത്യയില്‍ ഭാഗങ്ങള്‍ ലഭ്യമല്ല. ആവശ്യമായ ട്യൂബ് സിംഗപ്പൂരില്‍ നിന്നാണ് എത്തുന്നത്.
യന്ത്രം തകരാറിലായ ഉടനെ തന്നെ കരാറുകാരനായ കമ്പനിയോട് വിവരം അറിയിച്ചിരുന്നു. ഈ ആഴ്ചാവസാനം സിംഗപ്പൂരില്‍ നിന്ന് ഭാഗങ്ങള്‍ എത്തുമെന്നും, അടുത്ത ആഴ്ച ട്യൂബും ബോര്‍ഡും മാറ്റി സ്‌കാനിംഗ് യന്ത്രം പുനരാരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
“സാധാരണയായി യന്ത്രങ്ങള്‍ക്കുണ്ടാകുന്ന സാങ്കേതിക തകരാറുകളാണ് ഇവിടെ സംഭവിച്ചതും. ഭാഗങ്ങള്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യേണ്ടതിനാലാണ് ചെറിയ താമസം ഉണ്ടായത്. ആശുപത്രിയെയും നഗരസഭയെയും കുറ്റപ്പെടുത്തുന്നതിനു മുന്‍പ് ജനങ്ങള്‍ യഥാര്‍ത്ഥ വസ്തുതകള്‍ മനസിലാക്കണം,” എന്ന് ചെയര്‍പേഴ്‌സണ്‍ കെ. പുഷ്പലത പറഞ്ഞു.
