കോഴിക്കോട്: ദേശീയപാത 66-ന്റെ രാമനാട്ടുകര-വളാഞ്ചേരി സെക്ഷനിൽ നിർമ്മാണം പൂർത്തിയാകാനിരിക്കെ റീ-വാൾ തകർന്നുവീണ സംഭവത്തിൽ കർശന നടപടി. കൺസെഷനറായ കെഎൻആർ കൺസ്ട്രക്ഷൻസ് ലിമിറ്റഡിനെയും പ്രോജക്റ്റ് കൺസൾട്ടന്റായ ഹൈവേ എഞ്ചിനീയറിംഗ് കൺസൾട്ടന്റിനെയും ദേശീയപാത അതോറിറ്റി ബിഡ്ഡിംഗിൽ നിന്ന് വിലക്കി.
അപകടത്തിൽ കെഎൻആർ കൺസ്ട്രക്ഷൻസിന്റെ പ്രോജക്റ്റ് മാനേജറും കൺസൾട്ടന്റിന്റെ ടീം ലീഡറും താൽക്കാലികമായി സസ്‌പെൻഡ് ചെയ്തു. സംഭവത്തിന്റെ കാരണം വിശദമായി അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും, കെഎൻആർ-യുടെ ചെലവിൽ തന്നെ തിരുത്തൽ പ്രവർത്തികൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.
രാമനാട്ടുകര-വളാഞ്ചേരി ബൈപാസ് ഉൾപ്പെടെ ദേശീയപാത 66-ൽ വിവിധ റീച്ചുകളിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അപകടം ആവർത്തിക്കാതിരിക്കാൻ കൂടുതൽ കർശനമായ നിർദേശങ്ങൾ നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.
