തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഡിജിറ്റൽ സേവന സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി, ആരോഗ്യവകുപ്പ് പുതിയ സംവിധാനങ്ങൾ ജനങ്ങൾക്ക് ഒരുക്കുന്നു. ആശുപത്രികളിൽ ലഭ്യമായ വിവിധ സേവനങ്ങൾക്കുള്ള തുക ഡിജിറ്റലായി അടയ്ക്കുന്നതിനുള്ള സംവിധാനം ആരോഗ്യ വകുപ്പ് സജ്ജമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
ആദ്യഘട്ടത്തിൽ 313 സർക്കാർ ആശുപത്രികളിൽ ഈ സംവിധാനം നിലവിൽ വന്നിട്ടുണ്ട്. ശേഷിക്കുന്ന ആശുപത്രികളിലും അടുത്ത ഒരു മാസത്തിനുള്ളിൽ ഈ സംവിധാനം സജ്ജമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യു.പി.ഐ (ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയവ) മുഖേന ഡിജിറ്റൽ പണമടയ്ക്കൽ സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള ഇൻഫർമേഷൻ കേരള മിഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പിഒഎസ് ഉപകരണങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും കാനറാ ബാങ്കും ആശുപത്രികൾക്ക് വിതരണം ചെയ്തിട്ടുണ്ട്.
ഡിജിറ്റൽ പണമടയ്ക്കൽ സംവിധാനം, ഓൺലൈനായി ഒ.പി. ടിക്കറ്റ് എടുക്കൽ, എം-ഇഹെൽത്ത് മൊബൈൽ അപ്ലിക്കേഷൻ, സ്‌കാൻ എൻ ബുക്ക് സംവിധാനം തുടങ്ങിയ പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രിൽ 7ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും.
ഓൺലൈനായി ഒ.പി. ടിക്കറ്റ്: ആധുനിക മെഡിസിൻ വിഭാഗത്തിൽപ്പെട്ട എല്ലാ സർക്കാർ ആശുപത്രികളിലും ഡോക്ടർമാരുടെ സേവനം മുൻകൂറായി ഉറപ്പാക്കാൻ ഓൺലൈൻ ഒ.പി. ടിക്കറ്റ് എടുക്കാവുന്ന സൗകര്യം ലഭ്യമാണ്. ആദ്യഘട്ടത്തിൽ 687 ഇ-ഹെൽത്ത് പദ്ധതി ആസ്ഥാനമാക്കിയ ആശുപത്രികളും മറ്റ് 80 താലൂക്ക് ആശുപത്രികളെയും ഉൾപ്പെടുത്തി പദ്ധതി നടപ്പിലാക്കുന്നുണ്ട്. കമ്പ്യൂട്ടർ, സ്മാർട്ട്‌ഫോൺ, അക്ഷയ കേന്ദ്രം എന്നിവ ഉപയോഗിച്ച് ഈ സേവനം ഉപയോഗിക്കാവുന്നതാണ്.
എം-ഇഹെൽത്ത് മൊബൈൽ അപ്ലിക്കേഷൻ: യൂ.എച്ച്.ഐഡി അല്ലെങ്കിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് വ്യക്തികളും അവരുടെ കുടുംബാംഗങ്ങളുടേയും മെഡിക്കൽ വിവരങ്ങൾ — മരുന്ന് കുറിപ്പടികൾ, ലാബ് ടെസ്റ്റ് ഫലങ്ങൾ തുടങ്ങിയവ — മൊബൈൽ ഫോണിലൂടെ ലഭ്യമാക്കുന്ന സംവിധാനമാണ് എം-ഇഹെൽത്ത് ആപ്പ്. ആൻഡ്രോയിഡ് ഫോണുകളിൽ ഡൗൺലോഡ് ചെയ്യാവുന്ന ഈ ആപ്പ് വഴി ഒ.പി. ടിക്കറ്റും എടുക്കാൻ സാധിക്കും.
സ്‌കാൻ എൻ ബുക്ക്: റിസപ്ഷനിൽ ക്യൂ നിൽക്കാതെ ഡോക്ടറുടെ സേവനം ഉറപ്പാക്കാൻ സഹായിക്കുന്ന സംവിധാനമാണ് സ്‌കാൻ എൻ ബുക്ക്. ആശുപത്രിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ക്യുആർ കോഡ് സ്‌കാൻ ചെയ്ത്, സ്മാർട്ട്‌ഫോണിലൂടെ ഒ.പി. ടിക്കറ്റ് എടുക്കാൻ ഇതിലൂടെ സാധിക്കുന്നു.
.
