മാഡ്രിഡ്: ഇന്ത്യയുടെ ദേശീയ ഭാഷയെക്കുറിച്ചുള്ള ചോദ്യത്തിന് ഡിഎംകെ എംപി കനിമൊഴി നൽകിയ മറുപടി സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. സ്പെയിനിലെ ഇന്ത്യൻ പ്രവാസികളുമായി സംസാരിക്കുമ്പോൾ, “ഇന്ത്യയുടെ ദേശീയ ഭാഷ ‘ നാനാത്വത്തിൽ ഏകത്വം ‘ ആണ്, എന്നായിരുന്നു കനിമൊഴിയുടെ ഉത്തരം. ഇന്ത്യയുടെ ഭാഷാ വൈവിധ്യവും സമാധാന സന്ദേശവും ലോകത്തേക്ക് എത്തിക്കുകയാണ് ഈ പ്രതിനിധി സംഘം ലക്ഷ്യമിടുന്നതെന്നും കനിമൊഴി വ്യക്തമാക്കി.
ഇന്ത്യയിലെ മൂന്ന് ഭാഷാ നയം ഉൾപ്പെടെയുള്ള ഭാഷാ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള ഡിഎംകെയുടെ ഭാഗമായാണ് കനിമൊഴിയുടെ ഈ പ്രതികരണം. “ഇന്ത്യയുടെ ശക്തി വൈവിധ്യത്തിലാണ്. അതാണ് ലോകത്തോട് പറയേണ്ട പ്രധാന സന്ദേശം,” കനിമൊഴി പറഞ്ഞു. കനിമൊഴിയുടെ ഈ മറുപടി ഹാളിൽ വലിയ കൈയടിയും പ്രശംസയും നേടി.
പ്രതിനിധി സംഘത്തിൽ വിവിധ പാർട്ടികളിലെ എംപിമാർ ഉൾപ്പെട്ടിരുന്നു. മഹാത്മാഗാന്ധിയുടെ സമാധാനവും അഹിംസയും ഇന്ത്യയുടെ മുഖ്യ സന്ദേശങ്ങളാണെന്നും കനിമൊഴി പ്രവാസികളെ ഓർമ്മിപ്പിച്ചു.