നമ്മുടെ ചുറ്റിലും സർവ്വസാധാരണമായി
നടക്കുന്ന ഒരു കാര്യമാണിത് , പുരുഷനും സ്ത്രീയും വിവാഹം കഴിക്കുന്നു ,
ദാമ്പത്യത്തിൻറെ ആദ്യകാലങ്ങളിൽ
യഥേഷ്ടം
ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നു ,
കുട്ടികൾ ഉണ്ടാകുന്നു ,
പക്ഷേ കാലമേറെ ചെല്ലുമ്പോൾ
സ്ത്രീക്ക്
ലൈംഗികതയോട് താൽപര്യം കുറയുന്നു, പക്ഷെ പുരുഷൻ്റെ താല്പര്യം നിലനില്ക്കുന്നു ,ശാരീരിക ബന്ധം പുരുഷൻ ആഗ്രഹിക്കുമ്പോൾ
സ്ത്രീ അത് നിരസിക്കുന്നു .
ചില ഗവേഷണങ്ങൾ കാണിക്കുന്നത്, കാലക്രമേണ ലൈംഗികാഭിലാഷത്തിൽ കുറവുണ്ടാകുന്നത് പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് കൂടുതലാണെന്നാണ്.
അത് എന്തുകൊണ്ടായിരിക്കാം എന്നതിനെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങളുണ്ട്, എന്നാൽ ‘ആർക്കൈവ്സ് ഓഫ് സെക്ഷ്വൽ ബിഹേവിയർ’ൽ പ്രസിദ്ധീകരിച്ച ഒരു സമീപകാല പഠനം
വീട്ടുജോലിയുടെ അസമമായ വിഭജനം സ്ത്രീകളുടെ ലൈംഗികാഭിലാഷത്തെ ബാധിക്കുമെന്ന് കണ്ടെത്തി.
പഠനത്തിൽ, മനഃശാസ്ത്ര ഗവേഷകരായ എമിലി എ. ഹാരിസ്, അക്കി ഗോർമെസാനോ, സാരി വാൻ ആൻഡേഴ്സ് എന്നിവർ ആയിരത്തിലധികം സ്ത്രീകളിൽ സർവേ നടത്തി.അവരെല്ലാം ഭർത്താവുമൊത്തു ജീവിക്കുന്നവരും കുട്ടികൾ ഉള്ളവരുമായിരുന്നു. സ്ത്രീകളുടെ ലൈംഗികാഭിലാഷത്തെക്കുറിച്ചും അവരുടെ പുരുഷ പങ്കാളികളുമായുള്ള വീട്ടുജോലികളുടെ പങ്കിടലിനെക്കുറിച്ചും അവർ ചോദ്യങ്ങൾ ചോദിച്ചു.
പഠനം കണ്ടെത്തിയത് ഗാർഹിക അധ്വാനത്തിന്റെ വലിയൊരു അനുപാതം നിർവഹിച്ച സ്ത്രീകൾക്ക് അവരുടെ പങ്കാളിയോടുള്ള ആഗ്രഹം വളരെ കുറവായിരുന്നു, അതേ സമയം പാചകത്തിൽ സഹായിക്കുകയും വീട് വൃത്തിയാക്കുകയും കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധിക്കുകയും ചെയ്യുന്ന പുരുഷന്മാരാണ് സ്ത്രീകളെ കൂടുതൽ ലൈംഗികമായി ഉത്തേജിപ്പിക്കുന്നത്.
വീട്ടുജോലികളുടെ അസമമായ പങ്കിടൽ സ്ത്രീകളുടെ ആഗ്രഹത്തെ ഇത്രമാത്രം സ്വാധീനിച്ചതിന്റെ കാരണം കൃത്യമായി വിശദീകരിക്കുന്ന രണ്ട് പ്രത്യേക ഘടകങ്ങൾ ഗവേഷകർ കണ്ടെത്തി.
ഒന്നാമതായി, കൂടുതൽ വീട്ടുജോലികൾ ചെയ്യുന്ന സ്ത്രീകൾ അതിൽ ഒരു അനീതി ഉണ്ടെന്ന് സ്വയം കരുതുന്നു. ഇത് അവരുടെ പങ്കാളിയോടുള്ള ആഗ്രഹം കുറയ്ക്കുന്നതിനു കാരണമാകും.
രണ്ടാമതായി, വീട്ടിലെ ജോലികൾ കൂടുതൽ കൈകാര്യം ചെയ്യുന്ന സ്ത്രീകൾക്ക് അവരുടെ പങ്കാളി തങ്ങളെ ആശ്രയിക്കുന്നതായി തോന്നാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. ആ തോന്നൽ,അതായത് പുരുഷനെ പരിപാലിക്കാനും അവനു വേണ്ടിയുള്ള അടിസ്ഥാന കാര്യങ്ങൾ ചെയ്യാനും പുരുഷൻ തങ്ങളെ ആശ്രയിക്കുന്നു എന്ന തോന്നൽ സ്ത്രീയുടെ ലൈംഗികാഭിലാഷത്തെ താഴ്ത്തും
അമ്മമാർ സാധാരണയായി കുട്ടികൾക്കായി ചെയ്യുന്ന ജോലികൾ, ഒരു സ്ത്രീ തന്റെ ഭർത്താവിനായി ഈ ജോലികൾ ചെയ്യേണ്ടിവരുമ്പോൾ, ആ ബന്ധം “അമ്മയുടെയും കുഞ്ഞിന്റെയും” തരത്തിൽ ആയി മാറുന്നു.ഭാര്യ തൻ്റെ അമ്മയാകണമെന്ന് തോന്നുന്ന ഒരാളോട് ലൈംഗികമായി ആകർഷിക്കപ്പെടുന്നത് വളരെ ബുദ്ധിമുട്ടാണ്, പഠനം പറയുന്നു
ഇവിടെ മനസ്സിലാക്കണ്ടെ ഒരു കാര്യം, എല്ലാ ലിംഗഭേദങ്ങളിലുമുള്ളവർ ലൈംഗികാഭിലാഷത്തിന്റെ കാര്യത്തിൽ വ്യത്യസ്തരായിരിക്കും.സ്ത്രീയായാലും പുരുഷനായാലും ഓരോ വ്യക്തികളിലും ലൈംഗികാസക്തി ഏറിയും കുറഞ്ഞുമിരിക്കും.വിവിധ പഠനങ്ങൾ തെളിയിക്കുന്നത് 10 മുതൽ 55 ശതമാനം സ്ത്രീകളിൽ
ലൈംഗിക താൽപര്യ കുറവ് അനുഭവപെടുന്നതായി കാണപ്പെടുന്നു .
പുരുഷൻമാരിൽ അത്
ഒന്നു മുതൽ 28 ശതമാനം വരെയാണ്.
നിലവിലെ പഠനം, സ്ത്രീകൾക്ക് സ്വാഭാവികമായും ലൈംഗികതയിൽ താൽപ്പര്യമില്ല എന്ന ആശയത്തെ തള്ളിക്കളയുന്നു”സ്ത്രീകളിലെ കുറഞ്ഞ ലൈംഗികാഭിലാഷം സ്ത്രീകളുടെ ശരീരത്തിലോ മനസ്സിലോ മാത്രം ഉള്ളതാണെന്ന അനുമാനത്തെ ഞങ്ങളുടെ കണ്ടെത്തലുകൾ വെല്ലുവിളിക്കുന്നു,” ഹാരിസും ഗവേഷക സംഘവും എഴുതുന്നു.
ലൈംഗിക ആസക്തി നിർണയിക്കുന്നത്
അവളുടെ ജീവിത സാഹചര്യങ്ങളാണ്.ലിംഗ അസമത്വങ്ങൾ ഇതിൽ വലിയ പങ്ക് വഹിക്കുന്നു
അസമത്വം ഇല്ലാത്ത ബന്ധങ്ങളിൽ സ്ത്രീകൾ ലൈംഗികതയിൽ കൂടുതൽ താൽപ്പര്യം കാണിക്കും.
ശരാശരി ദമ്പതികൾക്ക് ഇതെല്ലാം എന്താണ് അർത്ഥമാക്കുന്നത്?
പ്രത്യേകിച്ച് സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ബന്ധത്തിൽ, വീട്ടുജോലികളുടെ ന്യായമായ പങ്കിടലിന് മുൻഗണന നൽകുന്നത് വളരെ പ്രാധാന്യമുള്ളതെന്നാണ് ഇതുപോലുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്.കൂടുതൽ പ്രായോഗികവും സമതുലിതമായതുമായ പങ്കാളിത്തം സൃഷ്ടിക്കുന്നതിനൊപ്പം, വീട്ടിലെ അസമത്വങ്ങളെ അഭിസംബോധന ചെയ്യുന്നത് ഒരു സ്ത്രീയുടെ ലൈംഗികാഭിലാഷം വർദ്ധിപ്പിക്കുകയും ചെയ്യും.