വാഷിങ്ടൺ ഡിസി: ഡൊണാൾഡ് ട്രംപ് ഇന്ന് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും. വാഷിങ്ടൺ ഡിസിയിലെ ക്യാപിറ്റൽ ഹിലിൽ നടക്കുന്ന ചടങ്ങിൽ യുഎസ് ചീഫ് ജസ്റ്റിസ് ജോൺ റോബർട്സിന്റെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ നടത്തും. ഇന്ത്യൻ സമയം ഇന്ന് രാത്രി 8:30-നാണ് ചടങ്ങ് ആരംഭിക്കുക. അധികാര കൈമാറ്റത്തിന്റെ ഭാഗമായി ട്രംപ് ഔദ്യോഗിക പ്രസംഗവും നടത്തും. ജെഡി വാൻസ് യുഎസ് വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും.
പ്രധാന അന്താരാഷ്ട്ര നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. അർജന്റീന പ്രസിഡന്റ് ജാവിയർ മിലെയി, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, ഇക്വഡോർ പ്രസിഡന്റ് ഡാനിയേൽ നോബോ, എൽ സാൽവഡോർ പ്രസിഡന്റ് നായിബ് ബുകെലെ, ബ്രസീലിന്റെ മുൻ പ്രസിഡന്റ് ജൈർ ബോൽസൊനാരോ, പോളണ്ടിന്റെ മുൻ പ്രധാനമന്ത്രി മാത്യൂഷ് മോറാവിയിക്കി തുടങ്ങിയവരാണ് പങ്കെടുക്കുന്ന നേതാക്കൾ. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചടങ്ങിൽ പങ്കെടുക്കും.
ടെസ്ലയുടെ എലോൺ മസ്ക്, ആമസോണിന്റെ ജെഫ് ബെസോസ്, മെറ്റയുടെ മാർക്ക് സക്കർബർഗ്, ആപ്പിളിന്റെ ടിം കുക്ക്, ഓപ്പൺഎഐയുടെ സാം ആൾട്ട്‌മാൻ എന്നിവരും ചടങ്ങിൽ അതിഥികളായി പങ്കെടുക്കും.
78 വയസ്സുള്ള ട്രംപ് കഴിഞ്ഞ രാത്രി വാഷിങ്ടൺ ഡിസിയിൽ നടന്ന വിജയ റാലിയിൽ അനുയായികളെ അഭിസംബോധന ചെയ്തു. അധികാരമേറ്റെടുക്കുന്ന ആദ്യദിവസം തന്നെ നിരവധി നിർണായക എക്സിക്യുട്ടീവ് ഓർഡറുകൾ ഒപ്പുവയ്ക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
