You are currently viewing ഡമ്മി ബാലറ്റുകൾ: നിർദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

ഡമ്മി ബാലറ്റുകൾ: നിർദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥികളും രാഷ്ട്രീയ കക്ഷികളും ഉപയോഗിക്കുന്ന ഡമ്മി ബാലറ്റ് യൂണിറ്റുകളും ബാലറ്റ് പേപ്പറുകളും കർശനമായ നിബന്ധനകൾ പാലിച്ചായിരിക്കണം എന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ നിർദേശിച്ചു.

നിർദേശങ്ങൾ പ്രകാരം, യഥാർത്ഥ ബാലറ്റ് യൂണിറ്റിന്റെ പകുതി വലിപ്പമുള്ളതും, തടിയിലോ പ്ലൈവുഡിലോ നിർമ്മിച്ചതുമായ ഡമ്മി ബാലറ്റ് യൂണിറ്റ് മാത്രമേ ഉപയോഗിക്കാവൂ. എന്നാൽ യഥാർത്ഥ ബാലറ്റ് യൂണിറ്റിന്റെ നിറം അനുകരിക്കരുത്, അതായത് യഥാർത്ഥ ഉപകരണവുമായി സാമ്യമുണ്ടാകരുത്.

പ്രചാരണത്തിനായി ഡമ്മി ബാലറ്റ് പേപ്പർ അച്ചടിക്കുന്നത് അനുവദനീയമാണ്. എന്നാല്‍ അതിന്റെ വലിപ്പത്തിലും നിറത്തിലും യഥാർത്ഥ ബാലറ്റ് പേപ്പറിനോട് സാമ്യമുണ്ടാകാൻ പാടില്ല. പിങ്ക്, വെള്ള, നീല എന്നീ നിറങ്ങൾ ഒഴികെയുള്ള തവിട്ട്, മഞ്ഞ, പച്ച തുടങ്ങിയ നിറങ്ങളിൽ ഡമ്മി ബാലറ്റ് പേപ്പർ അച്ചടിക്കാവുന്നതാണ്.

ഒരു സ്ഥാനാർഥി പ്രചാരണത്തിനായി ഡമ്മി ബാലറ്റ് പേപ്പർ അച്ചടിക്കുമ്പോൾ അതിൽ മറ്റ് സ്ഥാനാർഥികളുടെ പേരോ ചിഹ്നമോ ഉൾപ്പെടുത്താൻ പാടില്ല. സ്ഥാനാർഥി തന്റെ പേര്, ചിഹ്നം എന്നിവ മാത്രം അച്ചടിക്കാം. അതോടൊപ്പം, മുഴുവൻ സ്ഥാനാർഥികളുടേയും ക്രമനമ്പറും ഡമ്മി ബാലറ്റ് പേപ്പറിൽ കൊടുക്കാവുന്നതാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തെറ്റിദ്ധാരണകൾ ഒഴിവാക്കാനും വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന സാധ്യതകൾ കുറയ്ക്കാനുമാണ് കമ്മീഷന്റെ ഈ നിർദേശം.

Leave a Reply