You are currently viewing അതിവേഗ റെയിൽ പദ്ധതിയുടെ പരിഷ്കരിച്ച രൂപരേഖ ഇ. ശ്രീധരൻ പുറത്തുവിട്ടു

അതിവേഗ റെയിൽ പദ്ധതിയുടെ പരിഷ്കരിച്ച രൂപരേഖ ഇ. ശ്രീധരൻ പുറത്തുവിട്ടു

തിരുവനന്തപുരം | കേരളത്തിന്റെ ഗതാഗത മേഖലയ്ക്ക് പുതിയ ദിശാബോധം നൽകുന്ന അതിവേഗ റെയിൽ പദ്ധതിയുടെ പരിഷ്കരിച്ച രൂപരേഖ ഇ. ശ്രീധരൻ പുറത്തുവിട്ടു. ആദ്യഘട്ടത്തിൽ ഏകദേശം ₹56,500 കോടി രൂപയാണ് നിർമ്മാണ ചെലവായി കണക്കാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മുൻ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ചെലവ് ഗണ്യമായി കുറച്ചതായും അദ്ദേഹം പറഞ്ഞു. സാധാരണ യാത്രക്കാർക്കും പ്രയോജനപ്പെടുന്ന രീതിയിൽ എസി ചെയർ കാർ നിരക്കിന് സമാനമായിരിക്കും ടിക്കറ്റ് നിരക്കുകൾ നിശ്ചയിക്കുകയെന്ന് അദ്ദേഹം അറിയിച്ചു.

നിർദ്ദേശിച്ചിരിക്കുന്ന നിരക്കുകൾ പ്രകാരം തിരുവനന്തപുരം മുതൽ എറണാകുളം വരെ ₹440, കോഴിക്കോട് വരെ ₹640, കണ്ണൂർ വരെ ₹780 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. പദ്ധതി യാഥാർത്ഥ്യമാകുന്നുവെങ്കിൽ തിരുവനന്തപുരം നിന്ന് കണ്ണൂരിലേക്ക് വെറും 3 മണിക്കൂർ 20 മിനിറ്റിനകം എത്തിച്ചേരാൻ സാധിക്കും. ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറിൽ 200 കിലോമീറ്ററായിരിക്കും.

പുതിയ അലൈൻമെന്റിൽ പത്തനംതിട്ടയും മലപ്പുറവും ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ആകെ 20 സ്റ്റേഷനുകളാണ് നിർദ്ദേശിച്ചിരിക്കുന്നത്. തിരുവനന്തപുരം സെൻട്രലിൽ ആരംഭിക്കുന്ന പാത തിരുവനന്തപുരം എയർപോർട്ട്, വർക്കല, കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട, തിരുവല്ല, കോട്ടയം, വൈക്കം, എറണാകുളം ബൈപാസ്, നെടുമ്പാശ്ശേരി എയർപോർട്ട്, തൃശ്ശൂർ, പട്ടാമ്പി, മലപ്പുറം, കരിപ്പൂർ എയർപോർട്ട്, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി എന്നിവിടങ്ങളിലൂടെ കടന്ന് കണ്ണൂരിൽ അവസാനിക്കും.

ഏകദേശം 445 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ ഭൂരിഭാഗവും ഉയരപ്പാതയായും ശേഷിക്കുന്ന ഭാഗങ്ങൾ തുരങ്കങ്ങളിലൂടെയുമാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ഇതുവഴി വലിയ തോതിലുള്ള സ്ഥലമേറ്റെടുപ്പ് ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തൽ. മുൻപത്തെ രൂപരേഖയിൽ ഉണ്ടായിരുന്ന എടപ്പാൾ സ്റ്റേഷൻ ഒഴിവാക്കി പകരം പത്തനംതിട്ടയും മലപ്പുറം ടൗണും ഉൾപ്പെടുത്തിയതാണ് പ്രധാന മാറ്റം. ഭാവിയിൽ ഈ പാത കാസർകോട്ടേക്കും മംഗളൂരുവിലേക്കും നീട്ടാനാകുമെന്ന സാധ്യതയും ഇ. ശ്രീധരൻ സൂചിപ്പിച്ചു.

Leave a Reply