You are currently viewing ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് ഉൾപ്പെടെ എട്ട് പ്രതിപക്ഷ  എംപിമാർക്ക് സസ്പെൻഷൻ

ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് ഉൾപ്പെടെ എട്ട് പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ

ന്യൂഡൽഹി: ലോക്സഭയിൽ സ്പീക്കറുടെ ഇരിപ്പിടത്തിന് നേരെ കടലാസ് കീറി സഭാ നടപടികൾ തടസ്സപ്പെടുത്തിയതിനും കേരളത്തിൽ നിന്നുള്ള എംപിമാരായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവരെ ഉൾപ്പെടെ എട്ട് പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തു. ബജറ്റ് സമ്മേളനത്തിന്റെ ബാക്കി കാലയളവായ ഏപ്രിൽ 2 വരെ ആയിരിക്കും സസ്പെൻഷൻ ബാധകമെന്ന് ലോക്സഭാ അധ്യക്ഷൻ അറിയിച്ചു.

മുൻ കരസേന മേധാവി എം.എം. നരവനെയുടെ ആത്മകഥയിൽ നിന്നുള്ള വെളിപ്പെടുത്തലുകൾ സഭയിൽ ഉന്നയിക്കാൻ രാഹുൽ ഗാന്ധിയെ അനുവദിക്കാത്തതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തുകയായിരുന്നു. ഇതിന്റെ ഭാഗമായി പ്രതിപക്ഷ എംപിമാർ സഭയുടെ നടുതളത്തിലേക്ക് ഇറങ്ങുകയും സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറുകയും ചെയ്തു. തുടർന്ന് പേപ്പറുകൾ കീറി സ്പീക്കറുടെ ഇരിപ്പിടത്തിന് നേരെ എറിഞ്ഞതോടെയാണ് നടപടി ഉണ്ടായത്.

ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവർക്കു പുറമേ അമരീന്ദർ സിംഗ് രാജ വാറിംഗ്, മാണിക്യം ടാഗോർ, ഗുർജിത് സിംഗ് ഔചില, കിരൺകുമാർ റെഡി, പ്രശാന്ത് പടോലേ, എസ്. വെങ്കിടാചലം എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട മറ്റ് എംപിമാർ.
സസ്പെൻഷൻ നടപടിയിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ പാർലമെന്റ് ഗേറ്റിന് മുന്നിൽ ധർണ നടത്തി. ജനാധിപത്യ ശബ്ദങ്ങൾ അടിച്ചമർത്താനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.

Leave a Reply