12 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം, റെഡ് ആന്റ് ഗോൾഡ് ബ്രിഗേഡ്, ഈസ്റ്റ് ബംഗാൾ ഫുട്ബോള്‍ ക്ലബ് കലിംഗ സൂപ്പര്‍ കപ്പ് ഫൈനലില്‍ വിജയിച്ചതോടെ വീണ്ടും ദേശീയ കിരീടം ചൂടി . കൊല്‍ക്കത്ത ഭീമന്മാര്‍ ഒഡീഷ എഫ്.സി.യെ 3-2ന് തോല്‍പ്പിച്ചുകൊണ്ടാണ് ഈ ത്രസിപ്പിക്കുന്ന വിജയം നേടിയത്.
ഇതോടെ ഈസ്റ്റ് ബംഗാൾ ദേശീയ ട്രോഫിക്കായുള്ള അവരുടെ 12 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു, അടുത്ത സീസണിൽ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2 പ്രാഥമിക ഘട്ടത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.
2012 ലാണ് ഈസ്റ്റ് ബംഗ്ല അവസാനമായി ദേശീയ തലത്തില്‍ തിളങ്ങിയത്. സിലിഗുരിയിലെ കഞ്ചന്‍ജംഗ സ്റ്റേഡിയത്തില്‍ നടന്ന ഫെഡറേഷന്‍ കപ്പ് ഫൈനലില്‍ ഡെമ്പോ എസ്.സി.യെ 3-2ന് തോല്‍പ്പിച്ച വിജയമാണത്. അതിനുശേഷം നിരവധി തവണ അടുത്തെത്തിയെങ്കിലും കിരീടം നേടാനാവതെ മടങ്ങി.
എന്നാല്‍ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിന്റെ ഫ്ളഡ്‌ലൈറ്റുകള്‍ക്ക്‌കീഴില്‍ ചരിത്രം മാറ്റിക്കുറിച്ചു. നിശ്ചിത സമയത്ത് മത്സരം 2-2ന് സമനിലയിലായി. 98-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അഹമ്മദ് ജഹൂ വലയിലെത്തിച്ച് ഒഡീഷ എഫ്‌സിക്ക് സമനില നേടിക്കൊടുത്തു, തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.
30 മിനിറ്റിന്റെ ആവേശകരമായ അധികസമയത്തും ടെന്‍ഷന്‍ നിറഞ്ഞു നിന്നു. എന്നാല്‍ ആര്‍ത്തിരമ്പുന്ന ആരാധകരുടെ മുന്നിൽ ഈസ്റ്റ് ബംഗാൾ കീഴടങ്ങാന്‍ ഒരുക്കമല്ലായിരുന്നു. 111-ാം മിനിറ്റില്‍ വിജയ ഗോൾ നേടി ക്ലീറ്റൻ സില്‍വ താരമായി.
ബാക്കി സമയത്ത് ഒഡീഷ എഫ്.സി. സമനിലയ്ക്കായി എല്ലാ ആയുധങ്ങളും പുറത്തെടുത്തെങ്കിലും ഈസ്റ്റ് ബംഗ്ല പ്രതിരോധം ശക്തമായി നിന്നു. അവസാന വിസില്‍ മുഴങ്ങിയതോടെ റെഡ് ആന്റ് ഗോൾഡ് ബ്രിഗേഡ് കലിംഗ സൂപ്പര്‍ കപ്പ് സ്വന്തമാക്കി.