ഹ്യൂസ്റ്റൺ, ടെക്സസ് – ന്യൂയോർക്കിലേക്ക് പുറപ്പെട്ട യുനൈറ്റഡ് എയർലൈൻസ് വിമാനത്തിൽ ഉണ്ടായ എഞ്ചിൻ തീപിടുത്തത്തെ തുടർന്ന് അടിയന്തരമായി യാത്രക്കാരെ ഒഴിപ്പിച്ചു. ഹ്യൂസ്റ്റണിലെ ജോർജ് ബുഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച രാവിലെ ഉണ്ടായ സംഭവത്തിൽ പറക്കാൻ തയ്യാറാകുമ്പോൾ തന്നെ തീ ഉയർന്നതോടെ വിമാനം ടേക്ക്ഓഫ് റദ്ദാക്കി.
എയർബസ് A319 വിമാനത്തിൽ 104 യാത്രക്കാരും അഞ്ച് ജീവനക്കാരുമുണ്ടായിരുന്നു. പ്രാദേശിക സമയം രാവിലെ 8:35 ഓടെ വിമാനം ലാഗ്വാർഡിയ വിമാനത്താവളത്തേക്ക് പുറപ്പെടാനിരിക്കെയാണ് അതിന്റെ വലതുഭാഗത്തെ എഞ്ചിനിൽ നിന്ന് തീ ഉയർന്നത്. പുക ഉയർന്നതോടെ യാത്രക്കാരെ അടിയന്തരമായി വിമാനത്തിൽ നിന്ന് ഒഴിപ്പിച്ചു. ഹ്യൂസ്റ്റൺ ഫയർ ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെയാണ് യാത്രക്കാരെ ഒഴിപ്പിച്ചത്. യാതൊരു പരിക്കുകളും റിപ്പോർട്ട് ചെയ്തിട്ടില്ല.
യുനൈറ്റഡ് എയർലൈൻസ് യാത്രക്കാർക്കായി അന്നേദിവസം തന്നെ മറ്റൊരു വിമാന സൗകര്യം ഒരുക്കി. എഫ് എ എ ഈ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.