
പൂനെ: പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. ചെറിയ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസം പ്രയാഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം അവിടെവെച്ചാണ് അന്തരിച്ചത്.
ഭൗതികശരീരം പൂനെ പാഷാനിലെ മകന്റെ അപ്പാർട്ട്മെന്റിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ജനുവരി 8 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
1942 മെയ് 24ന് പൂനെയിലാണ് മാധവ് ഗാഡ്ഗിലിന്റെ ജനനം.

പൂനെയിലും മുംബൈയിലുമായി ജീവശാസ്ത്രത്തിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം, ഹാർവാഡ് സർവകലാശാലയിൽ നിന്ന് ഗണിത പരിസ്ഥിതി ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. ഹാർവാഡിൽ ഐബിഎം ഫെലോയായും അപ്ലൈഡ് മാതമാറ്റിക്സിൽ റിസേർച്ച് ഫെലോയുമായും പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബംഗളൂരുവിൽ 1973 മുതൽ 2004 വരെ അദ്ധ്യാപകനായിരുന്ന ഗാഡ്ഗിൽ, അവിടെ പരിസ്ഥിതി ശാസ്ത്ര വിഭാഗം സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യ–പരിസ്ഥിതി ശാസ്ത്രം, പരിസ്ഥിതി ചരിത്രം, ജനസംഖ്യാശാസ്ത്രം തുടങ്ങിയ മേഖലകളിൽ 200-ലധികം ഗവേഷണ പ്രബന്ധങ്ങളും നിരവധി ആധികാരിക ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ അധ്യക്ഷനായി പ്രവർത്തിച്ച ഗാഡ്ഗിൽ, ‘ഗാഡ്ഗിൽ കമ്മീഷൻ’ റിപ്പോർട്ടിലൂടെ രാജ്യത്തിന്റെ പരിസ്ഥിതി ചർച്ചകളിൽ നിർണായക സ്വാധീനം ചെലുത്തി.
ദേശീയ പാരിസ്ഥിതിക ഫെലോഷിപ്പ്, പദ്മശ്രീ, പദ്മഭൂഷൻ എന്നിവയ്ക്കുപുറമേ, ഇന്ത്യ അക്കാഡമി ഓഫ് സയൻസസ്, ഇന്ത്യൻ നാഷണൽ സയൻസ് അക്കാഡമി, തേഡ് വേൾഡ് അക്കാഡമി ഓഫ് സയൻസസ് എന്നിവയുടെ ഫെലോഷിപ്പുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഹാർവാഡ് സർവകലാശാലയുടെ സെന്റെനിയൽ മെഡൽ, വിക്രം സാരാഭായ് അവാർഡ് എന്നിവയും അദ്ദേഹത്തെ തേടിയെത്തി.
‘പശ്ചിമഘട്ടം – ഒരു പ്രണയകഥ’ എന്ന ആത്മകഥയിലൂടെ പരിസ്ഥിതിയോടുള്ള തന്റെ ആഴത്തിലുള്ള ബന്ധവും ദർശനവും അദ്ദേഹം പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചു.
പരിസ്ഥിതി സംരക്ഷണ രംഗത്ത് അപൂർവ സംഭാവനകൾ നൽകിയ മാധവ് ഗാഡ്ഗിലിന്റെ വിയോഗം രാജ്യത്തിന് വലിയ നഷ്ടമാണെന്ന് വിവിധ മേഖലകളിലെ പ്രമുഖർ അനുസ്മരിച്ചു.