ശനിയാഴ്ച ബോൺമൗത്തിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ കണങ്കാലിന് പരിക്ക് പറ്റിയതിനാൽ മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ എർലിംഗ് ഹാലാൻഡിന് ചൊവ്വാഴ്ച യംഗ് ബോയ്‌സുമായുള്ള ക്ലബ്ബിന്റെ ചാമ്പ്യൻസ് ലീഗ് പോരാട്ടം നഷ്ടമാകും.
ബോൺമൗത്തിനെതിരെ 6-1-ന് വിജയം നേടിയ മത്സരത്തിൽ ഹാലാൻഡിന് വേണ്ടി ഹാഫ് ടൈമിൽ പകരകാരനെ ഇറക്കി.മാനേജർ പെപ് ഗാർഡിയോള മത്സരശേഷം നോർവീജിയൻ താരം കളി തുടരാൻ പറ്റുന്ന അവസ്ഥയിലല്ലെന്നും വരും ദിവസങ്ങളിൽ അദ്ദേഹത്തെ വിലയിരുത്തുമെന്നും പറഞ്ഞു.
“അദ്ദേഹത്തിൻ്റെ കണങ്കാലിൽ പരിക്ക് പറ്റി, അതൊരു വലിയ പ്രശ്നമല്ലെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത മണിക്കൂറുകളിൽ ഞങ്ങൾ വീണ്ടും പരിശോധിക്കും, ”ഗ്വാർഡിയോള പറഞ്ഞു.
പരിക്കുമൂലം നിരവധി പ്രമുഖ താരങ്ങളില്ലാത്ത സിറ്റിക്ക് ഹാലാൻഡിന്റെ അഭാവം തിരിച്ചടിയാണ്. കഴിഞ്ഞയാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ 3-0-ന് വിജയിച്ച മത്സരത്തിൽ രണ്ട് ഗോളുകൾ ഉൾപ്പെടെ, ഈ സീസണിലെ എല്ലാ മത്സരങ്ങളിലുമായി ഹാലൻഡ് 13 ഗോളുകൾ നേടിയിട്ടുണ്ട്. എന്നിരുന്നാലും, അടുത്ത ഞായറാഴ്ച ചെൽസിക്കെതിരായ അവരുടെ പ്രീമിയർ ലീഗ് മത്സരത്തിൽ ഹാലൻഡ് വീണ്ടും എത്തുമെന്ന് സിറ്റി പ്രതീക്ഷിക്കുന്നു.
ഇതിനിടയിൽ, ഹാലൻഡിന്റെ ശൂന്യത നികത്താൻ സിറ്റിക്ക് മറ്റ് കളിക്കാരെ ആശ്രയിക്കേണ്ടിവരും. ജൂലിയൻ അൽവാരസ് ആക്രമണം ആരംഭിക്കാൻ സാധ്യതയുള്ള കളിക്കാരനാണ്, കൂടാതെ ഗാർഡിയോള ഫിൽ ഫോഡനെയോ ബെർണാഡോ സിൽവയെയോ ഒരു കേന്ദ്ര റോളിൽ അവതരിപ്പിക്കാനുള്ള സാധ്യതയുണ്ട്.