എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ് ട്രെയിനിന്റെ സർവീസ് ആഴ്ചയിൽ രണ്ടുദിവസത്തിൽ നിന്ന് മൂന്നു ദിവസമായി വർധിപ്പിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം പി അറിയിച്ചു.ട്രെയിൻ ദിനംപ്രതി ഓടിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.പ്ലാറ്റ്ഫോം, മാർഷലിംഗ് യാർഡ്, റേക്ക് ലഭ്യത തുടങ്ങിയ അന്തിമ ക്രമീകരണങ്ങൾ പൂർത്തിയായ ഉടൻ തന്നെ ഇത് നടപ്പിലാക്കും.
നിലമ്പൂർ റോഡ് – കോട്ടയം എക്സ്പ്രസിനെ കൊല്ലത്തേക്ക് നീട്ടുന്നതിനും റെയിൽവേ ബോർഡ് അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. നിലവിലുള്ള ഫിക്സഡ് ടൈം കോറിഡോർ ബ്ലോക്കിന്റെ പുനഃക്രമീകരണത്തിന് അന്തിമ അംഗീകാരം ലഭിച്ചതിന് പിന്നാലെ, ഓണത്തിന് മുന്നോടിയായി സർവീസ് കൊല്ലത്തേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എംപി പറഞ്ഞു.
കോട്ടയം വഴി ഓടുന്ന മെമ്മു ട്രെയിനുകളിൽ തിരക്ക് കുറയ്ക്കുന്നതിനായി 8 കോച്ചുകളുള്ള ട്രെയിനുകൾ 12നും 16നും വർധിപ്പിക്കുന്നതിന് റെയിൽവേ ബോർഡ് അനുമതി നൽകിയിട്ടുണ്ട്. ഇതിന് വേണ്ടിയുള്ള പുതിയ റേക്കുകൾ ഉടൻ കൊല്ലത്ത് എത്തും. ഇതോടെ യാത്ര കൂടുതൽ സൗകര്യപ്രദമാകും.
ശാസ്താംകോട്ടയിലെ ഏറനാട് എക്സ്പ്രസിന്റെ സ്റ്റോപ്പിനായുള്ള നോട്ടിഫിക്കേഷൻ ഉടൻ പുറത്തിറങ്ങും. കോവിഡ് കാലത്ത് നിർത്തലാക്കിയ ശാസ്താംകോട്ട, ചങ്ങനാശ്ശേരി സ്റ്റോപ്പുകൾ മംഗലാപുരം – തിരുവനന്തപുരം എക്സ്പ്രസിന് വീണ്ടും അനുവദിക്കും.
കൂടാതെ, ചങ്ങനാശ്ശേരിയിൽ ജനശതാബ്ദി എക്സ്പ്രസ്സിനും സ്റ്റോപ്പ് അനുവദിക്കുമെന്ന് റെയിൽവേ ബോർഡ് ഉറപ്പു നൽകിയിട്ടുണ്ട്.യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടത് വലിയ ആശ്വാസമാണെന്ന് അധികൃതർ അറിയിച്ചു. റെയിൽവേ മന്ത്രാലയത്തോടും റെയിൽവേ ബോർഡിനോടും നടത്തിയ തുടർച്ചയായ ഇടപെടലുകൾക്ക് ശേഷമാണ് ഈ നേട്ടങ്ങൾ സാധ്യമായതൊന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.