കൊല്ലം: രാജ്യത്ത് പ്രഖ്യാപിച്ച 10 പുതിയ ഇ.എസ്.ഐ മെഡിക്കൽ കോളേജുകളിൽ കൊല്ലത്തെയും ഉൾപ്പെടുത്തിയത് കൊല്ലത്തിന്റെ വികസനരംഗത്ത് വലിയ മുന്നേറ്റമായി മാറുന്നു.കശുവണ്ടി തൊഴിലാളികൾ അടക്കമുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കായി പ്രത്യേക പരിഗണന നൽകി, കൊല്ലത്തേക്ക് പുതിയ ഇ.എസ്.ഐ മെഡിക്കൽ കോളേജ് അനുവദിച്ചതായി കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പ്രഖ്യാപനം നടത്തി
മുൻപ് പാരിപ്പള്ളിയിൽ അനുവദിച്ചിരുന്ന ഇ.എസ്.ഐ മെഡിക്കൽ കോളേജ്, കേന്ദ്രസർക്കാരിന്റെ നയമാറ്റത്താൽ നഷ്ടപ്പെട്ടിരുന്നു. ഈ നഷ്ടം പുനരുപജിപ്പിക്കാൻ നടത്തിയ നിരന്തരമായ പരിശ്രമത്തിന് ഇതാണ് ആദ്യ വിജയമെന്നു കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ പ്രതികരിച്ചു.
മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം ലഭ്യമാക്കുക എന്നതാണ് ഇനി പ്രധാനമായും കൈകാര്യം ചെയ്യേണ്ട നടപടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനായി സംസ്ഥാന സർക്കാരിന്റെ പിന്തുണ നിർണായകമാണെന്നും അതിനായി എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
നാടിന്റെ ആവശ്യം മനസ്സിലാക്കി പുതിയ ഇ.എസ്.ഐ മെഡിക്കൽ കോളേജ് ആരംഭിക്കാൻ തീരുമാനിച്ച കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മണ്ഡാവ്യയ്ക്കും കേന്ദ്ര സർക്കാറിനും പ്രഗാഢമായ നന്ദിയും എംപി അറിയിച്ചു.
