You are currently viewing “ക്രിസ്ത്യൻഫോബിയ”യെ മനുഷ്യാവകാശ പ്രമേയത്തിൽ ഔദ്യോഗികമായി അംഗീകരിച്ച് യൂറോപ്യൻ പാർലമെന്റ്

“ക്രിസ്ത്യൻഫോബിയ”യെ മനുഷ്യാവകാശ പ്രമേയത്തിൽ ഔദ്യോഗികമായി അംഗീകരിച്ച് യൂറോപ്യൻ പാർലമെന്റ്

ബ്രസൽസ് |
യൂറോപ്പ്യൻ പാർലമെൻറ് മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പുതിയ പ്രമേയത്തിൽ “ക്രിസ്ത്യൻഫോബിയ” ( ക്രിസ്ത്യൻ വിരുദ്ധത) ഔദ്യോഗികമായി അംഗീകരിച്ചു. 2026 ജനുവരി 21-ന് ശക്തമായ പിന്തുണയോടെയാണ് പ്രമേയം പാസാക്കിയത്. യൂറോപ്യൻ യൂണിയനിൽ മതസ്വാതന്ത്ര്യവും മതവിദ്വേഷത്തിനെതിരായ പോരാട്ടവും ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടി.
പ്രമേയത്തിന് പാർലമെന്റിലെ സെന്റർ-റൈറ്റ് രാഷ്ട്രീയ കൂട്ടായ്മകൾ ശക്തമായ പിന്തുണ നൽകി. ക്രിസ്ത്യൻ അവകാശ സംഘടനയായ ഓപ്പൺ ഡോർസ് പുറത്തുവിട്ട വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രമേയം അവതരിപ്പിച്ചത്.

ലോകമെമ്പാടും ഏഴ് ക്രിസ്ത്യാനികളിൽ ഒരാൾ എങ്കിലും ഏതെങ്കിലും തരത്തിലുള്ള പീഡനമോ വിവേചനമോ നേരിടുന്നുണ്ടെന്ന് സംഘടനയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്രിസ്തുമത വിശ്വാസികൾ ലോകത്തിലെ ഏറ്റവും അധികം പീഡനം നേരിടുന്ന മതവിഭാഗമാണെന്നുമാണ് പ്രമേയം സൂചിപ്പിക്കുന്നത്.

പ്രമേയത്തിന്റെ ഭാഗമായി ക്രിസ്ത്യാനികളോടുള്ള വിദ്വേഷത്തെ നേരിടാൻ യൂറോപ്യൻ യൂണിയൻ തലത്തിൽ പ്രത്യേക കോഓർഡിനേറ്ററെ നിയമിക്കണമെന്ന് പാർലമെന്റ് ആവശ്യപ്പെട്ടു. നിലവിൽ യൂറോപ്യൻ യൂണിയനിൽ യഹൂദവിരുദ്ധതക്കും (Antisemitism) ഇസ്ലാമോഫോബിയയ്ക്കും എതിരെ പ്രവർത്തിക്കുന്ന പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥർ നിലവിലുണ്ട്. അതുപോലെ ക്രിസ്ത്യൻ വിരുദ്ധതയ്ക്കെതിരെയും നടപടി ശക്തമാക്കേണ്ടതുണ്ടെന്ന് പിന്തുണക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

പ്രമേയം മിഡിൽ ഈസ്റ്റ് മേഖലകളിലും നൈജീരിയ പോലുള്ള രാജ്യങ്ങളിലുമുള്ള ക്രിസ്ത്യൻ സമൂഹങ്ങൾ നേരിടുന്ന ആക്രമണങ്ങൾ, നിയന്ത്രണങ്ങൾ, സാമൂഹിക വിവേചനങ്ങൾ എന്നിവയെയും പ്രത്യേകം പരാമർശിക്കുന്നു.

ഒബ്സർവേറ്ററി ഓൺ ടോളറൻസ് ആൻഡ് ഡിസ്ക്രിമിനേഷൻ അഗൈൻസ്റ്റ്
ക്രിസ്ത്യൻസ് ഇൻ യൂറോപ്പ് (OIDAC) ഉൾപ്പെടെയുള്ള സംഘടനകളും വിവിധ സഭാ നേതാക്കളും ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. യൂറോപ്യൻ സ്ഥാപനങ്ങളിൽ ഇതുവരെ തുറന്നുപറയാത്ത വിഷയമായിരുന്ന ക്രിസ്ത്യൻ വിരുദ്ധതയെ ഈ പ്രമേയം ചർച്ചയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നുവെന്നാണ് അവരുടെ അഭിപ്രായം.

അതേസമയം, ഈ തീരുമാനത്തെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിലും വിവിധ വൃത്തങ്ങളിലും ചർച്ചകൾ ഉയർന്നു. ചിലർ ഇത് ഏറെ വൈകിയെങ്കിലും ആവശ്യമായ തീരുമാനമാണെന്ന് പറഞ്ഞപ്പോൾ, “ക്രിസ്ത്യൻഫോബിയ” എന്ന പദപ്രയോഗം വിവാദങ്ങൾക്ക് വഴിവയ്ക്കാമെന്ന ആശങ്കയും ചിലർ പ്രകടിപ്പിച്ചു. എല്ലാ മതവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന രീതിയിൽ മതവിവേചനത്തെക്കുറിച്ചുള്ള ചര്‍ച്ചകൾ മുന്നോട്ട് പോകണമെന്ന് വിമർശകർ അഭിപ്രായപ്പെട്ടു.
മതപീഡനത്തിനെതിരായ ആഗോള പോരാട്ടത്തിലും മതസ്വാതന്ത്ര്യ സംരക്ഷണത്തിലും യൂറോപ്യൻ യൂണിയൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രമേയം വിലയിരുത്തപ്പെടുന്നത്.

Leave a Reply