എറണാകുളം: എറണാകുളത്ത് നിലവിലുള്ള കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടം നവീകരണ പദ്ധതിയുടെ ഭാഗമായി ഉടൻ പൊളിക്കാൻ ഒരുങ്ങുന്നു. ഇതിനുള്ള ഔദ്യോഗിക ഉത്തരവ് അടുത്തയാഴ്ച പുറത്തിറങ്ങും, തുടർന്ന് ടെൻഡർ നടപടികൾ പൂർത്തിയാക്കി പൊളിക്കൽ ആരംഭിക്കും.
കെഎസ്ആർടിസിയും വൈറ്റില മൊബിലിറ്റി ഹബ്ബും തമ്മിൽ ഭൂമി കൈമാറാനുള്ള പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചു. തൽഫലമായി, ധാരണാപത്രവും (എംഒയു) പരിഷ്കരിക്കും.
തിരുവനന്തപുരത്ത് വ്യവസായ മന്ത്രി പി.രാജീവ്, ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗമാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്.
പുതിയ പദ്ധതി പ്രകാരം കാരിക്കാമുറിയിൽ 2.9 ഏക്കർ സ്ഥലം അത്യാധുനിക ടെർമിനൽ നിർമിക്കാൻ കെഎസ്ആർടിസി നൽകും. ഈ ടെർമിനലിൽ കെഎസ്ആർടിസിക്കായി ആറ് പ്രത്യേക ബസ് ബേകളും ഒരു സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസും സ്റ്റാഫ് സൗകര്യങ്ങളും ഉണ്ടായിരിക്കും.നിലവിലുള്ള ഗാരേജ് മാറ്റി സ്ഥാപിക്കും.യൂസർ ഫീ നൽകുന്നതിൽ നിന്ന് കെ.എസ്.ആർ.ടി.സിയെ ഒഴിവാക്കും
പുതിയ ടെർമിനലിൻ്റെ വരുമാനം സൃഷ്ടിക്കുന്നതിനുള്ള സാധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്.വൈറ്റില ടെർമിനലിൽ കെ.എസ്.ആർ.ടി.സിക്ക് ഉപയോഗാവകാശവും സ്റ്റേഷൻ മാസ്റ്റർ ഓഫീസ് സൗകര്യങ്ങളും നൽകും.
കെ.എസ്.ആർ.ടി.സി. ബസുകൾക്കും സ്വകാര്യ ബസുകൾക്കും ഉപയോഗിക്കാൻ കഴിയുന്ന വിധം വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ മാതൃകയിലുള്ള കെട്ടിടം നിർമിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണച്ചുമതല. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് 12 കോടി രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്.
കൊച്ചി നഗരത്തിൽ കെ.എസ്.ആർ.ടി.സി.യുടെയും സ്വകാര്യ ബസുകളുടെയും രണ്ട് ഹബ്ബുകൾ ഇതോടെ നിലവിൽ വരും. കരിക്കാമുറിയിൽ ഹബ്ബ് വരുമ്പോൾ അതിനോടു ചേർന്നുതന്നെയാണ് സൗത്ത് റെയിൽവേ സ്റ്റേഷനും എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനുമെന്ന എന്നത് യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റേഷൻ /ഫോട്ടോ
കടപ്പാട്-Shajiarikkad