കൊല്ലം: ചരക്ക് കപ്പൽ മുങ്ങിയതിനെ തുടർന്ന് കൊല്ലം തീരത്ത് അടിഞ്ഞ 41 കണ്ടെയ്നറുകൾ മാറ്റുന്നതിനായി കൂടുതൽ സമയം വേണമെന്ന് വിദഗ്ധർ ജില്ലാകലക്ടർ എൻ. ദേവിദാസിനെ അറിയിച്ചു. സാങ്കേതിക ഉപകരണങ്ങൾ കൊണ്ടുവരാനും, കണ്ടെയ്നറുകൾ കുറച്ച് ഭാഗങ്ങളാക്കി കരയിലെത്തിക്കാനും ഏറെ സമയം വേണ്ടിവരുമെന്ന് അവർക്കാണ് വിലയിരുത്തൽ.
കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ സൽവേജ് ഷിപ്പിങ് കമ്പനിയുടെ സാങ്കേതിക വിഭാഗം ടി &ടി സൽവേജ് പ്രവർത്തകരും കണ്ടെയ്നർ മാറ്റാൻ ചുമതപെടുത്തിയ വാട്ടർലൈൻ ഷിപ്പിങ്ങിന്റെ ഉദ്യോഗസ്ഥരുമാണ് ഇക്കാര്യം പറഞ്ഞത്.
കാര്യക്ഷമമായ പ്രവർത്തനത്തിന് കൃത്യമായ പദ്ധതി തയ്യാറാക്കാനും, തീരദേശ പരിസ്ഥിതിയും ജനങ്ങളും സുരക്ഷിതരായിരിക്കണമെന്നതും കലക്ടർ നിർദേശിച്ചു. ആവശ്യമെങ്കിൽ കൂടുതൽ തൊഴിലാളികളെ നിയോഗിക്കാനും, ഓരോ സ്ഥലത്തും നിയോഗിക്കുന്ന സംഘങ്ങളുടെ വിവരങ്ങൾ കൈമാറാനും നിർദേശം നൽകിയിട്ടുണ്ട്.
ശക്തികുളങ്ങര തീരത്ത് ഒൻപത് കണ്ടെയ്നറുകളിൽ രണ്ടെണ്ണം ഇപ്പോൾ കരയിൽ അടുപ്പിച്ചിരിക്കുകയാണ്. കൊല്ലം ബീച്ചിൽ കണ്ടെത്തിയ കണ്ടെയ്നറുകൾ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ് എന്ന് ടി & ടി സൽവേജ് കമ്പനി അറിയിച്ചു.
ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സബ് കളക്ടർ നിഷാന്ത് സിഹാര, എ ഡി എം ജി നിർമൽ കുമാർ, ടി & ടി സാൽവേജ് കമ്പനി, വാട്ടർലൈൻ ഷിപ്പിങ് എന്നിവരുടെ സാങ്കേതിക പ്രവർത്തകർ, എൻ ഡി ആർ എഫ്, കൊല്ലം പോർട്ട് മറ്റു ജില്ലാ തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
