
മുംബൈ: ബി.ആർ. ചോപ്രയുടെ പ്രശസ്ത ടെലിവിഷൻ സീരിയലായ മഹാഭാരതം-ൽ കർണ്ണനായി ശ്രദ്ധനേടിയ നടൻ പങ്കജ് ധീർ (68) നിര്യാതനായി. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. അർബുദബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. മാസങ്ങൾക്കുമുമ്പ് രോഗാവസ്ഥ മൂർഛിച്ചതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നുവെന്നും, തുടർന്ന് ആരോഗ്യനില വഷളായതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
1990-ൽ പുറത്തിറങ്ങിയ മലയാള സിനിമ രണ്ടാം വരവ് വഴിയാണ് പങ്കജ് ധീർ ആദ്യമായി മലയാളത്തിൽ അഭിനയിച്ചത്. കെ. മധു സംവിധാനം ചെയ്ത ആ സിനിമയിൽ രേഖ, ജയറാം, സുകുമാരൻ, ജഗതി ശ്രീകുമാർ, മാമുക്കോയ, ദേവൻ, ഭീമൻ രഘു, ഗണേഷ് കുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിച്ചിരുന്നു.
ധീറിന്റെ നിര്യാണവാർത്ത സ്ഥിരീകരിച്ച് CINTAA (Cine & TV Artists’ Association) ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. പഞ്ചാബിൽ ജനിച്ച അദ്ദേഹം ബോളിവുഡിലും ടെലിവിഷനിലും നിരവധി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. മകൻ നികിതിൻ ധീർ ബോളിവുഡ് നടനാണ്.
