തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാതല ആശുപത്രികളിൽ ആദ്യമായി ഫാറ്റി ലിവർ ക്ലിനിക്കുകൾ ആരംഭിക്കാൻ ആരോഗ്യ വകുപ്പ് തയ്യാറെടുക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കരൾ രോഗങ്ങൾ, പ്രത്യേകിച്ച് ഫാറ്റി ലിവർ രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ക്ലിനിക്കുകളുടെ തുടക്കം.
ആദ്യഘട്ടത്തിൽ മലപ്പുറം ജില്ലയുടെ തിരൂർ ജില്ലാ ആശുപത്രിയിലാണ് ഫാറ്റി ലിവർ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിയിലും ക്ലിനിക്കുകൾ അന്തിമഘട്ടത്തിൽ എത്തിച്ചേർന്നതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾക്ക് പുറമേ മറ്റു ജില്ലാതല ആശുപത്രികളിലും ഘട്ടംഘട്ടമായി ഇത്തരം ക്ലിനിക്കുകൾ സ്ഥാപിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇതിന് ആവശ്യമായ ഫണ്ടുകൾ വകുപ്പു ഇതിനകം അനുവദിച്ചുകഴിഞ്ഞു.
ജനസംഖ്യയിൽ ഒരു വലിയ ശതമാനം ആളുകളെ നിശബ്ദമായി ബാധിക്കുന്ന Metabolic Dysfunction Associated Steatotic Liver Disease (MASLD) എന്ന നിലയിൽ ഫാറ്റി ലിവർ മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ ഈ നിർണായക ഇടപെടൽ.
ഏപ്രിൽ 19 ലോക കരൾ ദിനമായി ആചരിച്ച പശ്ചാത്തലത്തിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. “ഭക്ഷണം മരുന്നാണ്” എന്നതാണ് ഈ വർഷത്തെ കരൾ ദിന സന്ദേശം. ആരോഗ്യമുള്ള ഭക്ഷണക്രമത്തിലൂടെയും ശാരീരിക വ്യായാമത്തിലൂടെയും കരളിന്റെ ആരോഗ്യം സംരക്ഷിക്കാം എന്ന് മന്ത്രി ഓർമ്മിപ്പിച്ചു.
ജീവിതശൈലിയിലെ മാറ്റങ്ങളും, തെറ്റായ ഭക്ഷണശീലങ്ങളും, മദ്യപാനവും, വ്യായാമമില്ലായ്മയും ഉൾപ്പെടെയുള്ള ഘടകങ്ങൾ കരൾ രോഗങ്ങളുടെ വ്യാപനം വർധിപ്പിച്ചിരിക്കുന്നു. ഫാറ്റി ലിവർ, ഹെപ്പറ്റൈറ്റിസ്, സിറോസിസ്, കരൾ കാൻസർ തുടങ്ങിയ രോഗങ്ങൾ സാധാരണമായിട്ടുള്ള കാലഘട്ടത്തിലാണ് ഇനി നമ്മൾ ജീവിക്കുന്നത്.
ഫാറ്റി ലിവർ, സാധാരണയായി അമിതവണ്ണമുള്ളവർക്കും പ്രമേഹം ഉള്ളവർക്ക് ആണ് കണ്ടുവരുന്നത്. ലക്ഷണങ്ങളില്ലാതെ നിശബ്ദമായി രൂപപ്പെടുന്ന ഈ രോഗം വളരെ ലളിതമായ രക്തപരിശോധനയിലൂടെയും അൾട്രാസൗണ്ട് സ്‌കാനിങ്ങിലൂടെയും തിരിച്ചറിയാനാവും. ഫാറ്റി ലിവറിന്റെ കാഠിന്യം പരിശോധിക്കുന്ന ഫൈബ്രോ സ്‌കാൻ അടക്കമുള്ള സംവിധാനങ്ങളോടെയാണ് പുതിയ ക്ലിനിക്കുകൾ ആരംഭിക്കുന്നത്.
വൈറൽ ഹെപ്പറ്റൈറ്റിസ്, പ്രത്യേകിച്ച് ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയും കേരളത്തിൽ ശ്രദ്ധേയമായ ആരോഗ്യപ്രശ്നങ്ങളാണ്. ഹെപ്പറ്റൈറ്റിസ് സി യെ 3 മാസം കൊണ്ട് പൂർണ്ണമായും ഭേദമാക്കാവുന്നതാണ്, എന്നാല്‍ അതിന്റെ ചികിത്സ ചെലവേറിയതാണ്. പുതിയ ഫാറ്റി ലിവർ ക്ലിനിക്കുകൾ വഴി ഈ ചികിത്സയും സൗജന്യമായി നൽകും.
