
ന്യൂഡൽഹി: കേരളത്തിൽ, പ്രത്യേകിച്ച് കുട്ടനാട് മേഖലയിലെ യൂറിയയും പൊട്ടാഷ് (എംഒപി) വളങ്ങളും ലഭ്യമാകാത്തതുമായി ബന്ധപ്പെട്ട പ്രശ്നത്തിന് കേന്ദ്ര സർക്കാർ വിശദീകരണവുമായി രംഗത്തെത്തി. 2025 ഡിസംബർ 11-ന് ലോക്‌സഭയിലെ ശൂന്യവേളയിൽ കൊടിക്കുന്നിൽ സുരേഷ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര രാസവള മന്ത്രി ജഗത് പ്രകാശ് നദ്ദയാണ് നിലപാട് അറിയിച്ചത്.

ഓരോ വിള സീസണിനുമുമ്പായി സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ചാണ് വളങ്ങളുടെ ആവശ്യകത കേന്ദ്ര സർക്കാർ നിർണ്ണയിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മാസം തിരിച്ചും സംസ്ഥാന തിരിച്ചുമുള്ള ആവശ്യകതാ കണക്കുകളുടെ അടിസ്ഥാനത്തിലാണ് വളവിഹിതം അനുവദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടനാട് ഉൾപ്പെടെയുള്ള കാർഷിക മേഖലകളിലേക്കുള്ള ജില്ലാതല വിന്യാസവും അന്തിമ വിതരണവും സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വളങ്ങളുടെ ലഭ്യത, വിൽപ്പന, സ്റ്റോക്ക് നില എന്നിവ രാസവള വകുപ്പ് തുടർച്ചയായി സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
വളവിതരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്താൽ അവ മുൻഗണനാടിസ്ഥാനത്തിൽ പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, കർഷകർക്ക് ആവശ്യമായ വളം ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ പ്രതിബദ്ധമാണെന്നും ജഗത് പ്രകാശ് നദ്ദ ലോക്‌സഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിൽ വ്യക്തമാക്കി.